പെരുമ്പാവൂരിൽ വെള്ളമിറങ്ങുന്നു

പെരുമ്പാവൂർ: മേഖലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. എങ്കിലും ദുരന്തസമാനമാണ് നഗരവും ഗ്രാമങ്ങളും. വല്ലം, സൗത്ത് വല്ലം, കാഞ്ഞിരക്കാട്, റയോൺപുരം മുടിക്കൽ, കണ്ടന്തറ, ഓണമ്പിളളി, പാലക്കാട്ടുതാഴം, ഗാന്ധിനഗർ തുടങ്ങിയ പ്രദേശങ്ങളാണ് വെള്ളം കയറി നാശം നേരിടുന്നത്. പല സ്ഥലങ്ങളിലും നടപ്പാതകൾ പോലും വെള്ളത്തിടയിലായി. കാഞ്ഞിരക്കാട് മസ്ജിദ് റോഡ് വഴി പാടശേഖരങ്ങളിലെ വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. മുഴുവൻ മുങ്ങിയ വീടുകളുടെ മുക്കാൽഭാഗവും ഇപ്പോഴും വെള്ളത്തിലാണ്. ഇവിടത്തെ സ്ഥിതി വിലയിരുത്താൻ എത്തിപ്പെടാനാവാത്ത സാഹചര്യമാണ്. സൗത്ത് വല്ലം, റയോൺപുരം, ഗാന്ധിനഗർ തുടങ്ങിയ സ്ഥലങ്ങളിലെയും സ്ഥിതി സമാനമാണ്. വല്ലം പുത്തൻപാലത്തിലെ ടാറിങ് ഇളകി ഒരുവശം ഇരുന്നുപോയതിനാൽ ഇതിലൂടെ ഗതാഗതം സാധ്യമല്ല. കാലടി, ഓണമ്പിള്ളി, ഒക്കൽ തുടങ്ങിയ ദുരിതാശ്വാസക്യാമ്പിൽ നിന്നുള്ളവരെ കൂടുതൽ സൗകര്യമുള്ള ക്യാമ്പുകളിലേക്ക് മാറ്റാൻ പാലം രാവിലെ മുതൽ തുറന്നുകൊടുത്തിരുന്നു. കൂടാതെ രോഗികളുമായി പോയ ആംബുലൻസിനും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വാഹനങ്ങൾക്കും നിയന്ത്രണമുണ്ടായില്ല. പൊലീസും മോട്ടോർ വാഹന വിഭാഗവും പാലത്തിൽ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. പാത്തിപ്പാലം ഭാഗത്തെ വെള്ളം ശനിയാഴ്ച രാത്രിവരെ ഇറങ്ങിയിട്ടില്ല. ഇതിലൂടെ കാൽനട പോലും സാധ്യമല്ല. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ മുഴുവൻ അടഞ്ഞുകിടക്കുകയാണ്. എം.സി റോഡിലെ ഒരു പെേട്രാൾ പമ്പ് തുറന്നെങ്കിലും ഉച്ചക്കുശേഷം സ്റ്റോക്ക് തീർന്നതിനാൽ അടച്ചു. കടകളിൽ അവശ്യസാധനങ്ങൾ വ്യാഴാഴ്ചതന്നെ തീർന്നിരുന്നു. വെള്ളക്കെട്ടും റോഡ് തകർച്ചയും മൂലം ബസുകൾ ഉൾെപ്പടെ വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. വീണ്ടും മഴയും അപകടങ്ങളും ഭയന്ന് ആളുകൾ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നില്ല. അവശ്യസാധനങ്ങൾ കിട്ടാനില്ലാത്തതിനാൽ മിക്ക കുടുംബങ്ങളും പട്ടിണിയാകുന്ന സ്ഥിതിയാണ്. വെള്ളിയാഴ്ചതന്നെ പല വീടുകളിലും അരിയുൾപ്പെടെ തീർന്നു. പ്രതീക്ഷിക്കാത്ത കെടുതിയായതിനാൽ ആരും മുെന്നാരുക്കത്തിലായിരുന്നില്ല. വെള്ളം പൊങ്ങി തകർന്ന വീടുകളിൽനിന്ന് ഭക്ഷണസാധനങ്ങൾ മാത്രമല്ല, വസ്ത്രങ്ങളും ആധാരംപോലുള്ള രേഖകൾ പോലും മാറ്റാൻ കഴിഞ്ഞില്ല. തലക്കു മീതെയുള്ള പ്രളയം പ്രതീക്ഷിക്കാത്തതുകൊണ്ട് കരുതലുണ്ടാവാത്തതിൽ നിരാശയിലാണ് പലരും. അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കാനും കടകളിൽനിന്ന് വിതരണം ചെയ്യാനും നടപടിയുണ്ടാകണമെന്നാണ് ജനങ്ങളിൽനിന്ന് ഉയരുന്ന ആവശ്യം. ഇതിനിടെ, ഗ്രാമപ്രദേശങ്ങളിൽ തുറന്നിരിക്കുന്ന കടകളിൽ തീവില ഈടാക്കുന്നതായി പരാതി ഉയരുന്നു. ഒരു കിലോ പഞ്ചസാരക്ക് 50 രൂപ ഈടാക്കിയവരുണ്ട്. ചിലർ സ്റ്റോക്കില്ലെന്ന് അറിയിച്ചശേഷം പിന്നീട് അമിതവിലക്ക് വിൽപന നടത്തി. പെരുമ്പാവൂരി​െൻറ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകളെല്ലാം സജീവമാണ്. ഓണമ്പിള്ളി, ഒക്കൽ, ഈസ്റ്റ് ഒക്കൽ, പെരുമ്പാവൂർ ടൗൺ, കണ്ടന്തറ, കുറുപ്പംപടി, അറക്കപ്പടി, വെസ്റ്റ് ചേലക്കുളം മലേപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ക്യാമ്പുകളിൽ ഭക്ഷണവും അവശ്യസാധനങ്ങളും സന്നദ്ധ പ്രവർത്തകർ എത്തിക്കുന്നുണ്ട്. അണിയാൻ വസ്ത്രങ്ങളും പുതപ്പുമെല്ലാം ലഭിക്കുന്നതിനാൽ ക്യാമ്പിലുള്ളവർ തൃപ്തരാണ്. എന്നാൽ, പലയിടത്തും ടോയ്ലറ്റ് സംവിധാനങ്ങൾ കുറവായതിനാൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കാലടി ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്നവരെ കൂടുതൽ സൗകര്യങ്ങളുള്ള തുരുത്തിപ്ലി കോളജിലെ ക്യാമ്പിലേക്ക് ശനിയാഴ്ച ഉച്ചയോടെ മാറ്റിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.