പ്രളയജലം നഗരത്തിലേക്കും

കൊച്ചി: പെരിയാർ കരകവിഞ്ഞതിനൊപ്പം കായലിലെ ജലനിരപ്പും ഉയർന്നതോടെ വെള്ളം കൊച്ചി നഗരപ്രദേശങ്ങളിലും വ്യാപിച്ചു. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന പേരണ്ടൂർ കനാൽ നിറഞ്ഞൊഴുകുകയാണ്. മഴ തുടരുകയും കനാലിലെ വെള്ളം ഉയരുകയും ചെയ്താൽ നഗരം വെള്ളത്തിലാകും. പെരിയാറി​െൻറ തീരങ്ങളും നഗരാതിർത്തികളും വെള്ളത്തിലായതോടെ ആളുകളോട് ഇവിടെനിന്ന് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പച്ചാളം, വടുതല, ഇടപ്പള്ളി, ചേരാനല്ലൂർ ഭാഗങ്ങളിലും പച്ചാളം കാട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വീടുകളിലും വെള്ളം കയറി. ഇടപ്പള്ളി തോട് നിറഞ്ഞൊഴുകുകയാണ്. ശനിയാഴ്ച പകൽ മഴക്ക് നേരിയ ശമനമുണ്ടായിരുന്നതിനാൽ വെള്ളം ഇനിയും ഉയരില്ലെന്നാണ് പ്രതീക്ഷ. എറണാകുളം-അങ്കമാലി റോഡിൽ വ്യാഴാഴ്ച ആലുവക്ക് സമീപം കമ്പനിപ്പടിവരെ വെള്ളം കയറിയിരുന്നു. ശനിയാഴ്ച അമ്പാട്ടുകാവ് പ്രദേശങ്ങൾ വെള്ളത്തിലായി. ഇതോടെ, ഇടപ്പള്ളി-ആലുവ ദേശീയപാതയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കളമശ്ശേരി പ്രീമിയർ ജങ്ഷനിൽ ബസ് സർവിസുകൾ അവസാനിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പും നിർദേശിച്ചിരുന്നു. പെരിയാറിൽനിന്നുള്ള വെള്ളമെത്തിയതോടെ മുട്ടാർ പുഴയും കവിഞ്ഞൊഴുകുകയാണ്. മുട്ടാറി​െൻറ തീരങ്ങൾ വെള്ളത്തിൽ മുങ്ങി. കളമശ്ശേരി ഉൾപ്പെടെ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം കൊച്ചി മെട്രോ സർവിസിനെയും ബാധിച്ചിട്ടുണ്ട്. മുട്ടം യാർഡിന് പിന്നാലെ ആലുവ, കമ്പനിപ്പടി, അമ്പാട്ടുകാവ് സ്റ്റേഷനുകളുടെ പടിയും കവിഞ്ഞ് വെള്ളം ഉയർന്നു. ആലുവ സ്റ്റേഷനിലെ പാർക്കിങ് ഏരിയകൾ വെള്ളത്തിൽ മുങ്ങി. മൂന്ന് സ്റ്റേഷനുകളിലെയും ജനറേറ്റർ റൂമിലും വെള്ളം കയറി. ഇതോടെ, ലിഫ്റ്റുകളും എസ്കലേറ്ററും നിശ്ചലമായി. എന്നാൽ, സർവിസുകൾ മുടങ്ങിയിട്ടില്ല. കളമശ്ശേരിയിൽനിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനുപിന്നാലെ കലൂർ സബ് സ്റ്റേഷനിൽനിന്ന് കണക്ഷൻ എടുത്തായിരുന്നു സർവിസ്. മുട്ടത്തെ സിഗ്നലിങ് കണ്‍ട്രോൾ സംവിധാനം നിർത്തിവെച്ചിരിക്കുന്നതിനാൽ മുട്ടം, പാലാരിവട്ടം സ്റ്റേഷനുകളിൽനിന്നാണ് സിഗ്നൽ നിയന്ത്രണം. സർവിസ് വേഗത്തെ അത് ബാധിച്ചിട്ടുണ്ട്. ചില സ്റ്റേഷനുകളിൽ ട്രെയിൻ അധികസമയം നിർത്തിയിടേണ്ടിവന്നു. അതേസമയം, ശനിയാഴ്ചയും സൗജന്യയാത്ര അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.