ചെങ്ങന്നൂർ: ദിവസങ്ങളായി തുടരുന്ന മഴയും വെള്ളപ്പൊക്കവും ജനജീവിതം ആകെ ദുസ്സഹമാക്കി. സംസ്ഥാന പാതകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കേ, തീരദേശ പാതയിലൂടെയുള്ള യാത്രയും മുടങ്ങാൻ സാധ്യത ഏറെയാണെന്ന വിവരം ജനങ്ങളെ ആശങ്കയിലാഴ്ത്തി. പെട്രോൾ, -ഡീസൽ ടാങ്കർ ലോറികളുടെ വരവ് കുറഞ്ഞത് ഇന്ധനക്ഷാമം എപ്പോഴും ഉണ്ടാകാമെന്ന അവസ്ഥയാണ് ആളുകളിൽ സൃഷ്ടിച്ചിട്ടുള്ളത്. രണ്ടുദിവസമായി ഓരോരുത്തരും തങ്ങളുടെ വാഹനങ്ങളിൽ പരമാവധി ഇന്ധന ശേഖരണം നടത്തുകയാണ്. ഇതോടെ പെട്രോൾ പമ്പുകളിൽ തിക്കും തിരക്കുമായി. വാഹനങ്ങൾ നിരന്ന് ക്യൂ റോഡുകളിലേക്ക് നീങ്ങുകയാണ്. പാണ്ടനാട്, മുളക്കുഴ, ചെങ്ങന്നൂർ, ബുധനൂർ തുടങ്ങിയ സ്ഥലങ്ങളിലെ പമ്പുകൾ വെള്ളക്കെട്ടിലമർന്നപ്പോൾ പ്രവർത്തനം നിർത്തിവെക്കാൻ നിർബന്ധിതമായതോടെ ഇവിടെനിന്ന് സ്ഥിരമായി ഇന്ധനം നിറക്കുന്നവർകൂടി മറ്റ് സ്ഥലങ്ങളിലേക്ക് മാറി. ദീർഘദൂര--ഹ്രസ്വദൂര യാത്രകൾ നടത്താൻ ഇപ്പോൾ കഴിയില്ലെങ്കിലും മറ്റ് അടിയന്തരവും അത്യാവശ്യവുമായ കാര്യങ്ങൾ ഒഴിച്ചുകൂടാനാകാത്ത സാഹചര്യം എപ്പോഴാണ് ഉണ്ടാകുന്നത് എന്നറിയില്ല. സ്വകാര്യബസ് സർവിസുകൾ വ്യാഴാഴ്ച നാമമാത്രമായിരുന്നു. വെള്ളിയാഴ്ച അതുപോലുമില്ല. മാന്നാർ-കായംകുളം റൂട്ടിൽ ഏതാനും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. ചരക്കുഗതാഗതം നിലച്ചതോടെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നാഷനൽ പെർമിറ്റ് ലോറികൾ വരുന്നില്ല. കടകമ്പോളങ്ങൾ വിജനമാണ്. പച്ചക്കറി, -പലചരക്ക് സാധനങ്ങൾക്ക് ക്ഷാമമായി. പല ബാങ്കിലും ഉദ്യോഗസ്ഥർക്ക് വിവിധ സ്ഥലങ്ങളിൽനിന്നും എത്തിച്ചേരാൻ കഴിയാഞ്ഞതോടെ പ്രവർത്തിക്കുന്നില്ല. റോഡുകൾ പുഴ പോലെയായി. വീടുകളിൽനിന്നും ജനങ്ങൾ കഴുത്തറ്റം വെള്ളത്തിലൂടെ നടന്ന്, ഈറൻ മാറുന്നതിനുവേണ്ടി മാത്രം മാറോട് അടുക്കിപ്പിടിച്ച വളരെ അത്യാവശ്യം വേണ്ട തുണികൾ കരുതി ആത്മരക്ഷാർഥം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കോ പത്തനാപുരം, കൊല്ലം തുടങ്ങിയ ദൂരെ സ്ഥലങ്ങളിലെ ബന്ധു--സൃഹൃത്ത് വീടുകളിലേക്കോ അഭയം പ്രാപിച്ച് നീങ്ങുന്ന കാഴ്ചയാണ്. മഴക്ക് വെള്ളിയാഴ്ച അൽപം ശമനമുണ്ടായെങ്കിലും വെള്ളത്തിെൻറ വരവ് കൂടി ജലവിതാനം ഉയരുകയാണ്. സംസ്ഥാനപാതയിലൂടെ അനേകം ലോറികളിലായി വള്ളങ്ങൾ ഒന്നിനുപിറകെ മറ്റൊന്നായി ചെങ്ങന്നൂരിെൻറ വിവിധ ഭാഗങ്ങളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.