ചെങ്ങന്നൂർ: ഭീതിവിതച്ച് വെള്ളം കുത്തിയൊഴുകുന്ന കാഴ്ചകളാണ് പമ്പ, അച്ചൻകോവിൽ, മണിമലയാറുകളുടെ പല ഭാഗത്തും അനുഭവപ്പെടുന്നത്. ഗ്രാമങ്ങളും നഗരങ്ങളും ഒരേ പോലെ നദിയായി ഒഴുകി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തും പരിപൂർണമായി കെടുതിയിലമർന്നു. ചെങ്ങന്നൂർ നഗരസഭ പ്രദേശം കൂടാതെ പാണ്ടനാട്, പുലിയൂർ, ബുധനൂർ, മാന്നാർ, വെൺമണി, ചെറിയനാട്, ചെന്നിത്തല-തൃപ്പെരുന്തുറ, തിരുവൻവണ്ടൂർ, മുളക്കുഴ, ആലാ ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ഒന്നാംനിലയുടെ മുകളിലും ടെറസിലും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഫലപ്രദമായ ഏകീകരണമില്ലാതെ രക്ഷാപ്രവർത്തനങ്ങൾ നടക്കാതെ അവതാളത്തിലായിരിക്കുകയാണ്. ശക്തമായ ഒഴുക്കുമൂലം പലഭാഗത്തും എത്തിച്ചേരാനും കഴിയുന്നില്ല. മാന്നാർ മുസ്ലിം ജുമാമസ്ജിദിലെ മദ്റസ ഹാൾ, ചെങ്ങന്നൂർ എൻജിനീയറിങ് കോളജ്, സി.എസ്.ഐ പള്ളി, കത്തോലിക്ക പള്ളി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ ആയിരക്കണക്കിന് ആളുകളാണ് കഴിയുന്നത്. ചെങ്ങന്നൂർ നഗരത്തിലെ കടകളിൽ ഭക്ഷ്യവസ്തുക്കൾ എല്ലാം തീർന്നു. വെൺമണി ഗ്രാമത്തിലെ ഉയർന്ന പ്രദേശങ്ങളൊഴികെയുള്ള ഭാഗങ്ങൾ വെള്ളക്കെട്ടിലമർന്നു. റോഡരികിലെ ഇരുനില വീടുകളിൽ താഴെ ജലം കയറിയതോടെ മുകളിലത്തെ നിലയിലേക്ക് അഭയം തേടിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളായി മാറിയ കല്യാത്ര ജെ.ബി സ്കൂൾ, മലങ്കര കത്തോലിക്ക പള്ളി, പെന്തക്കോസ്ത് ഹാൾ എന്നിവിടങ്ങളിൽ വെള്ളം കയറി. എം.സി റോഡിെൻറയും സംസ്ഥാന പാതകളുടെയും മിക്കഭാഗത്തും രൂക്ഷ വെള്ളക്കെട്ടുകളാണ്. മംഗലം, ഇടനാട്, പാണ്ടനാട്, തിരുവൻവണ്ടൂർ, പുലിയൂർ, ബുധനൂർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് എത്തിച്ചേർന്നവർ പോലും കുടുങ്ങി. കൊല്ലം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മത്സ്യബന്ധന വള്ളങ്ങൾ ബോഡി ഉയർന്ന ലോറികളിൽ ഈ ഭാഗങ്ങളിലേക്ക് നൂറുകണക്കിന് എത്തിച്ചേരുന്നു. കൂടാതെ, പല ഭാഗത്തുനിന്നായി രക്ഷാപ്രവർത്തനങ്ങൾക്കും കൂടുതൽ പേർ എത്തുന്നത് ആശ്വാസകരമായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.