കൊച്ചി: ആലുവയും പെരിയാറും ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തിലാണ് അകപ്പെട്ടിരിക്കുന്നത്. നൂറുകണക്കിന് ആളുകൾ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുെന്നന്ന ഫോൺ കാളുകളാണ് കൺട്രോൾ റൂം, പൊലീസ്, ഫയർഫോഴ്സ്, മാധ്യമസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. വിവരം ലഭിക്കുന്നതിനനുസരിച്ച് അടിയന്തരസംവിധാനം ഒരുക്കുന്നുണ്ട്. 99ലെ വെള്ളപ്പൊക്കത്തെ കവച്ചുവെക്കുന്നതാണ് ഇത്തവണത്തേതെന്ന് ആളുകൾ സാക്ഷ്യപ്പെടുത്തുന്നു. അക്കാലത്ത് സുലഭമായി നീർചാലുകളുണ്ടായിരുന്നതിനാൽ വേഗത്തിൽ വെള്ളം ഇറങ്ങിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കയറിയ വെള്ളം ഇറങ്ങിപ്പോകാനുള്ള സാഹചര്യവും ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ആലുവ തോട്ടക്കാട്ടുകര പ്രദേശം പൂർണമായി വെള്ളത്തിലാണ്. വീടുകളുടെ ഒരുനില ഉയരത്തിൽ വെള്ളം കയറിക്കിടക്കുകയാണ്. മുന്നറിയിപ്പ് സന്ദേശങ്ങൾ മൈക്കിലൂടെ ലഭിക്കുന്നതിനനുസരിച്ച് മാറിത്താമസിക്കാം എന്ന് വിചാരിച്ചിരുന്നവർക്ക് ബുധനാഴ്ച അപ്രതീക്ഷിതമായി വെള്ളം കയറിയപ്പോൾ ഒന്നും ചെയ്യാനായില്ല. കിട്ടിയ സാധനങ്ങളുമായി എല്ലാവരും ഒഴിഞ്ഞുപോവുകയാണ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് 12നാണ് തോട്ടക്കാട്ടുകരയിൽ വെള്ളം ഇരച്ചുകയറിയത്. വൈകീട്ട് നാേലാടെ മേഖലയാകെ മുങ്ങി. തുടർന്ന് പറവൂർ കവലയും രാത്രിയോടെ വെള്ളത്തിലായി. ഈ മേഖലയിലുള്ളവർക്ക് ദുരിതാശ്വാസ ക്യാമ്പുകൾ എവിടെയാണെന്നുള്ള കൃത്യമായ അറിവുമുണ്ടായിരുന്നില്ല. ക്യാമ്പുകളിലെത്തിയ ചിലരോട് റേഷൻ കാർഡ് ആവശ്യപ്പെട്ടത് ആളുകളിൽ പ്രകോപനമുണ്ടാക്കി. കുറച്ചുപേർ ഇതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്ന സാഹചര്യവുമുണ്ടായി. വീടുകളിലുണ്ടായിരുന്ന സാധനങ്ങളും ആധാർകാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകളും നഷ്ടപ്പെട്ടിരിക്കുകയാണ്. പുഴയിൽനിന്ന് കയറിയ വെള്ളം ഇറങ്ങാത്തത് ആലുവക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ആലുവയിൽനിന്ന് മറ്റുഭാഗങ്ങളിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ തകരാറിലായത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.