കൊച്ചി: ഇടുക്കി, ഇടമലയാർ ഡാമുകളിൽനിന്നുള്ള വർധിച്ച നീരൊഴുക്കിനെത്തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ തീരങ്ങൾ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിൽ. ജില്ലയിൽ ഇന്നുവരെ റെഡ് അലർട്ട് (അതീവജാഗ്രത നിർദേശം) പുറപ്പെടുവിച്ചു. ആലുവ, ഏലൂർ, പെരുമ്പാവൂർ, കാലടി, കോതമംഗലം മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ മണപ്പുറവും ക്ഷേത്രവും വെള്ളത്തിൽ മുങ്ങി. ഇടമലയാർ ഡാമിൽനിന്ന് സെക്കൻഡിൽ നാലു ലക്ഷം ലിറ്റർ വെള്ളം (400 ക്യുമെക്സ്) എന്ന തോതിലാണ് തുറന്നുവിട്ടിരിക്കുന്നത്. ഡാമിെൻറ നാല് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. നിലവിൽ 169 മീറ്ററിന് മുകളിലാണ് ഡാമിലെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. ഇതിനൊപ്പം ഇടുക്കി ഡാമിെൻറ അഞ്ചാം ഷട്ടർ കൂടി തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിലേക്കാണ് ജില്ല നീങ്ങുന്നതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. 2013ലേതിന് സമാനമായ പ്രളയ സാഹചര്യമാണ് ആലുവയിൽ. പെരിയാർ തീരത്തുനിന്ന് 6500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നാണ് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. ആലുവയിലെ പമ്പ് ഹൗസ് തകരാറിലായതിനെത്തുടർന്ന് ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം വരുംദിവസങ്ങളിലും തുടരും. ജില്ലയിൽ 68 ദുരിതാശ്വാസ ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആലുവ, കുന്നത്തുനാട്, പറവൂർ, കോതമംഗലം, പെരുമ്പാവൂർ താലൂക്കുകളിലാണ് ക്യാമ്പുകൾ കുടുതലും. ശനിയാഴ്ചത്തെ കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറത്തെത്തുന്നവരുടെ സുരക്ഷക്ക് ദേശീയ ദുരന്തനിവാരണസേനയുടെ 37 അംഗ ടീമിനെ നിയോഗിച്ചിട്ടുണ്ട്. കരസേന വിഭാഗമായ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ്, തീരദേശ സേനയുടെ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ടീം, ദേശീയ ദുരന്തനിവാരണ സേന, നാവികസേന തുടങ്ങിയ വിഭാഗങ്ങളെ ദുരിതബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെള്ളം കയറുമെന്ന ആശങ്കയുണ്ട്. എന്നാൽ, വിമാന സർവിസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്നും സർവിസ് സുരക്ഷിതമാക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ചിത്രങ്ങൾ: baiju
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.