കുട്ടനാട്ടിൽ ജലനിരപ്പുയർന്നു; ഒഴുക്കിൽ ഹൗസ് ബോട്ടുകൾ നിയന്ത്രണം വിട്ടു

കുട്ടനാട്: ജലപ്രളയത്തിൽനിന്ന് കരകയറിയ കുട്ടനാട്ടിൽ ഡാമുകൾ ഒന്നൊന്നായി തുറന്നതോടെ ജലനിരപ്പുയർന്നു. എടത്വ, തലവടി, മുട്ടാർ പഞ്ചായത്തുകളിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കക്കി, പമ്പ ഡാമുകൾ തുറന്നതാണ് ഇവിടങ്ങളിൽ ജലനിരപ്പ് ഉയരാൻ കാരണം. ഇതിൽ തലവടി പഞ്ചായത്തിൽ മാത്രമാണ് വെള്ളം എത്തിയിരിക്കുന്നത്. പമ്പാനദി രണ്ടായി പിരിയുന്ന ഭാഗമാണ് തലവടി പ്രദേശം. അതിനാൽ ഡാമിൽനിന്നുള്ള വെള്ളം ആദ്യമെത്തുന്നത് ഇവിടെയാണ്. ഇപ്പോഴത്തെ നിലയിൽ വെള്ളമുയർന്നാൽ തലവടി പഞ്ചായത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ട സ്ഥിതി വരും. ഗ്രാമപഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ കലക്ടറെ അറിയിച്ചു. കുട്ടനാട്ടിലെ എല്ലാ ജലാശയങ്ങളിലും ജലനിരപ്പ് നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ആറുകളിലും വേമ്പനാട്ടുകായലിലും ശക്തമായ ഒഴുക്കാണ്. ഒഴുക്ക് ശക്തമായതോടെ ഹൗസ് ബോട്ടുകൾ സർവിസ് നിർത്തിവെച്ചു. ആറുകളിൽ ഹൗസ് ബോട്ടുകൾ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഹൗസ് ബോട്ടുകൾ കൂട്ടിയിടിച്ചു. ഒഴുക്ക് ശക്തമായെങ്കിലും ജലനിരപ്പ്‌ അപകടകരമായ നിലയിൽ കുട്ടനാട്ടിൽ ഉയർന്നിട്ടില്ല. 10 സ​െൻറീമീറ്റർ മാത്രമേ ജലനിരപ്പ് ഉയർന്നിട്ടുള്ളൂ. എന്നാൽ, കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഇറങ്ങുന്നത് ഡാമുകൾ തുറന്നതോടെ വൈകും. അതിനിടെ, 26 ദിവസത്തിനുശേഷം ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ആലപ്പുഴ--ചങ്ങനാശ്ശേരി റോഡിൽ കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിച്ചു ആലപ്പുഴ: ആഴ്ചകളായി ഗതാഗതം മുടങ്ങിക്കിടന്ന ആലപ്പുഴ--ചങ്ങനാശ്ശേരി റോഡിൽ രാവിലെ മുതൽ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവിസ് ഉള്‍പ്പെടെ സർവിസ് നടത്തി. മങ്കൊമ്പ് പാലം മുതൽ ബ്ലോക്ക് ജങ്ഷൻ വരെയും നെടുമുടി നസ്രത്ത് മുതൽ മങ്കൊമ്പ് പാർട്ടി ഓഫിസ് വരെയുമുള്ള റോഡിലെ വെള്ളക്കെട്ട് അവഗണിച്ചാണ് ബസുകൾ സർവിസ് നടത്തുന്നത്. മങ്കൊമ്പ് ഭാഗത്തെ വെള്ളക്കെട്ടിലുണ്ടായിരുന്ന വലിയ കുഴികൾ കെ.എസ്.ടി.പി മെറ്റലിട്ട് അടച്ചതോടെയാണ് ബസ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള സാഹചര്യമൊരുങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ബസുകൾ ട്രയൽ റൺ നടത്തിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച മുതൽ ബസുകൾ ഷെഡ്യൂൾ അനുസരിച്ച് സർവിസ് പുനരാരംഭിച്ചത്. പുളിങ്കുന്ന്, ചമ്പക്കുളം ഭാഗത്തേക്കുള്ള ഓർഡിനറി ബസുകളും ഓടിത്തുടങ്ങി. കഴിഞ്ഞമാസം 16 മുതൽ എ.സി റോഡിലെ വെള്ളം കാരണം ബസുകൾ സർവിസ് നിർത്തിെവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചിരുന്നു. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ആദ്യ ദിവസമായതിനാൽ വാഹനങ്ങൾ നന്നേ കുറവായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.