വെള്ളമില്ലാതെ ചേർത്തല താലൂക്ക്​ ആശുപത്രി

ചേര്‍ത്തല: താലൂക്ക് ആശുപത്രിയിലെ രോഗികളും ജീവനക്കാരും ആവശ്യത്തിന് ജലം ലഭിക്കാതെ വലയുന്നു. ദിവസേന അറുനൂറിലധികം രോഗികള്‍ ഒ.പിയില്‍ എത്തുകയും നൂറോളംപേര്‍ കിടത്തിച്ചികിത്സക്കും വിധേയമാകുകയും ചെയ്യുന്ന താലൂക്ക് ആശുപത്രിയിലാണ് രൂക്ഷമായ ജലദൗര്‍ലഭ്യം നേരിടുന്നത്. ആശുപത്രിയിൽ വല്ലപ്പോഴും ലഭിക്കുന്ന ജപ്പാന്‍ കുടിവെള്ളം ഡയാലിസിസിനുപോലും തികയുന്നില്ല. കഴിഞ്ഞദിവസം മണിക്കൂറുകളോളം വാര്‍ഡുകളില്‍ ജലം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രോഗികളും സഹായികളും ബഹളം വെച്ചിരുന്നു. എന്നാല്‍, കറൻറില്ലാതിരുന്നതിനാല്‍ വെള്ളം ടാങ്കില്‍ നിറക്കാന്‍ പറ്റാതിരുന്നതാണ് ഇതിന് കാരണമെന്നാണ് ആശുപത്രി സൂപ്രണ്ട് പറഞ്ഞത്. ജപ്പാൻ കുടിവെള്ള കണക്ഷൻ ഉണ്ടെങ്കിലും ഇതിൽ അധികവും ഡയാലിസിസ് യൂനിറ്റിലേക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസം ജപ്പാൻ കുടിവെള്ളം ദിവസങ്ങളോളം നിലച്ചപ്പോൾ ഡയാലിസിസ് യൂനിറ്റി​െൻറയും പ്രവർത്തനവും തടസ്സപ്പെട്ടു. ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ പല ഭാഗങ്ങളിലായി താഴ്ത്തിയിരിക്കുന്ന 12ഒാളം ചെറിയ ബോര്‍വെല്ലറില്‍ നിന്നുള്ള ജലമാണ് വര്‍ഷങ്ങളായി ആശുപത്രിയില്‍ ഉപയോഗിക്കുന്നത്. കുഴല്‍കിണര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ അനുവദിച്ചിട്ട് ഒരുവര്‍ഷം പിന്നിട്ടെങ്കിലും പണി തുടങ്ങിയില്ല. ആലപ്പുഴ പഴവീട് ഭൂഗര്‍ഭ ജല അതോററ്റി 2015ല്‍ എസ്റ്റിമേറ്റ് എടുത്ത് 2017 മാര്‍ച്ചില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയും ചെയ്ത പദ്ധതിയില്‍ ഒരു നടപടിക്രമങ്ങളും ആരംഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രി പ്രധാനകെട്ടിടത്തിന് മുന്നിലാണ് പുതിയ കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്നത്. കുഴല്‍ക്കിണര്‍ താഴ്ത്തേണ്ട ഭൂഗര്‍ഭജല അതോറിറ്റിയുമായി പലതവണ ബദ്ധപ്പെട്ടപ്പോഴും കുഴൽക്കിണര്‍ കുഴിക്കാനുള്ള സാധനസാമഗ്രിയുടെ അഭാവം മൂലമാണ് പദ്ധതി നടപ്പാക്കാന്‍ സാധിക്കാതെ വന്നതെന്നാണ് അധികൃര്‍ പറഞ്ഞത്. എന്നാല്‍, ആശുപത്രിയുടെ ഇപ്പോഴത്തെ ആവശ്യത്തിനനുസരിച്ച് ജലം ലഭിക്കണമെങ്കില്‍ പഴയ ടെൻഡര്‍ പ്രകാരമുള്ള പൈപ്പ് താഴ്ത്തിയാൽ കാലപ്പഴക്കം ലഭിക്കില്ലെന്ന് കരാറുകാരൻ പറഞ്ഞു. ടെൻഡറില്‍ കൂടുതല്‍ തുക വകകൊള്ളിച്ച് നിലവാരം കൂടിയ പൈപ്പ് ഉപയോഗിക്കണമെന്നാണ് കരാറുകാര​െൻറ ആവശ്യം. ഇതുപ്രകാരം തുക വര്‍ധിപ്പിക്കാമെന്ന് ആശുപത്രിയുടെ ചുമതലയുള്ള നഗരസഭ സമ്മതിച്ചിരുന്നു. എന്നാൽ, മാസങ്ങൾ പലത് കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല. ആശുപത്രിയിലെ ജലദൗർലഭ്യത്തെക്കുറിച്ച് അധികൃതരെ അറിയിച്ചപ്പോൾ ഈമാസം നാലിനുമുമ്പ് ബോർവില്ലർ താഴ്ത്തുമെന്നാണ് പറഞ്ഞതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അനിൽ വിൻസ​െൻറ് പറഞ്ഞു. അതേസമയം ആശുപത്രിയിലെ ജലക്ഷാമം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വൈകാതെ പരിഹാരം ഉണ്ടാക്കുമെന്നും നഗരസഭ ചെയർമാൻ പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഭൂഗർഭ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് കുഴൽക്കിണർ സ്ഥാപിക്കാനുള്ള കരാർ പുതുക്കി നൽകാൻ ധാരണയായിട്ടുണ്ട്. ആശുപത്രിയിൽ നടപ്പാക്കുന്ന ആർദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ജലദൗർലഭ്യത്തിനുള്ള പരിഹാരവും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും ചെയർമാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.