മുനമ്പം ബോട്ടപകടം: കാണാതായവർക്കായുള്ള തിരച്ചിൽ വിഫലം

കൊച്ചി: കാത്തിരിപ്പുകൾ വെറുതെയായി. മുനമ്പത്തുനിന്നുപോയ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ വിഫലം. ബുധനാഴ്ച പകല്‍ നാവിക, തീരസംരക്ഷണ സേനകളും മത്സ്യത്തൊഴിലാളികളും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും കാണാതായ ഒമ്പതുപേരെക്കുറിച്ചും വിവരം ലഭിച്ചില്ല. തകർന്ന ബോട്ടി​െൻറ അവശിഷ്ടങ്ങൾ കണ്ടെത്തി. മുങ്ങിയ ബോട്ടിലും വലയിലുമായി തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ നാവികസേന മുങ്ങൽ‌ വിദഗ്ധരുടെ സഹായം ഫിഷറീസ് വകുപ്പ് തേടിയിട്ടുണ്ട്. തിരച്ചിൽ വ്യാഴാഴ്ചയും തുടരും. മലയാളി ഉൾപ്പെടെ ഒമ്പതുപേരെയാണ് കണ്ടെത്താനുള്ളത്. മാല്യങ്കര സ്വദേശി തറയില്‍ പ്രകാശ​െൻറ മകന്‍ ചീരു എന്ന സിജു (45), പശ്ചിമ ബംഗാള്‍ സ്വദേശി ബിപുല്‍ ദാസ് (28), കന്യാകുമാരി കുളച്ചല്‍ സ്വദേശികളായ യേശുപാലന്‍ (36), രാജേഷ് കുമാര്‍ (32), ദിനേഷ് (23), ഷാലു (24), സഹായ് രാജ് (38), പോള്‍സണ്‍ (25), അരുണ്‍ കുമാര്‍ (24) എന്നിവര്‍ക്കായാണ് തിരച്ചിൽ തുടരുന്നത്. ചൊവ്വാഴ്ച പുലർച്ച 3.30നുണ്ടായ അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. മൂന്നുപേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാവിലെ ഏഴോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്. നാവിക സേനയുടെ ഐ.എൻ.എസ് യമുന, തീരസംരക്ഷണ സേനയുടെ വിക്രം, സാവിത്രിഭായ് ഫുലെ, അഭിനവ് കപ്പലുകളും ഹെലികോപ്ടറും ഇരു സേനയുടെയും ഓരോ ഡോണിയര്‍ വിമാനവും മത്സ്യത്തൊഴിലാളികളും മുപ്പതോളം ബോട്ടും തിരച്ചിലിൽ പങ്കാളിത്തം വഹിച്ചു. ഹെലികോപ്ടർ തിരച്ചിലിലാണ് തകർന്ന ബോട്ടി​െൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് തീരസേനയുടെ കപ്പലെത്തി ഇവ ശേഖരിച്ചു. രാവിലെ പെയ്ത മഴ തിരച്ചിലിനെ ബാധിച്ചിരുന്നു. കപ്പലിടിച്ച് പൂർണമായി തകർന്ന ബോട്ട് താഴ്ന്നുപോയിരിക്കാമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ബോട്ടിലെ ഇടുങ്ങിയ ഭാഗങ്ങളിലും വലയിലും ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ട്. അപകടസ്ഥലത്ത് അടിയൊഴുക്കും ശക്തമാണ്. തൊഴിലാളികൾ ജീവനോടെ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. മറ്റ് ബോട്ടുകളിൽ കയറിയോ മരത്തടിയിൽ പിടിച്ചോ ആരെങ്കിലും രക്ഷപ്പെട്ടിരുന്നെങ്കിൽ ഇതിനോടകം വിവരം ലഭിച്ചേനേയെന്നും ഇവർ പറയുന്നു. അതിനിടെ, അപകടത്തിൽ മരിച്ച തമിഴ‌്നാട് സ്വദേശികളായ സഹായ‌് രാജ‌് (50), യാക്കൂബ് (57), യുഗനാഥൻ (45) എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്ഥാന സർക്കാറി​െൻറ ചെലവിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.