ഓണാഘോഷം: സ്‌പെഷൽ ഡ്രൈവുമായി എക്‌സൈസ്

ആലപ്പുഴ: ഓണാഘോഷവുമായി ബന്ധപ്പെട്ട് വരാവുന്ന അബ്കാരി കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്‌സൈസ് വകുപ്പ് സ്‌പെഷൽ ഡ്രൈവ് സംഘടിപ്പിക്കും. ജില്ല കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും ഓഫിസുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തനസജ്ജമായ കൺട്രോൾ റൂമുകളും സ്‌ട്രൈക്കിങ് ഫോഴ്‌സും രൂപവത്കരിച്ചിട്ടുണ്ട്. ഫെബ്രുവരി മുതൽ ഇതുവരെ ജില്ലയിൽ 5048 റെയ്ഡ് നടത്തുകയും 165 അബ്കാരിക്കേസും 402 എൻ.ഡി.പി.എസ് കേസും രജിസ്റ്റർ ചെയ്യുകയും ചെയ്തു. കലക്ടറേറ്റിൽ കൂടിയ അനധികൃത മദ്യത്തി​െൻറയും മറ്റു ലഹരിവസ്തുക്കളുടെയും ഉൽപാദനവും വിതരണവും തടയാനുള്ള ജില്ലതല ജനകീയ കമ്മിറ്റി യോഗത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചതാണ് ഇക്കാര്യം. ഇത്രയും കേസിൽ 585 പേർ പ്രതികളായി. അതിൽ 547 പേരെ അറസ്റ്റ് ചെയ്തു. 70 ലിറ്റർ ചാരായവും 151.05 ലിറ്റർ വിദേശമദ്യവും 3501 ലിറ്റർ കോടയും 21.428 കിലോ കഞ്ചാവും 59 നൈട്രോസെപാം ഗുളികയും 2232.85 ലിറ്റർ അരിഷ്ടവും 14.95 ലിറ്റർ ബിയറും 4350 പാക്കറ്റ് ഹാൻസും 287.5 കിലോ പുകയില ഉൽപന്നങ്ങളും 250 ഗ്രാം സ്വർണവും 1,19,130 രൂപ തൊണ്ടിപ്പണവും പിടിച്ചെടുത്തു. വാഹനപരിശോധന ശക്തിപ്പെടുത്തുകയും 11,273 വാഹന പരിശോധന നടത്തുകയും 47 വാഹനം പിടിച്ചെടുക്കുകയും ചെയ്തു. 3101 പരിശോധന കള്ളുഷാപ്പുകളിലും 91 പരിശോധന വിദേശമദ്യഷാപ്പുകളിലും 253 പരിശോധന ബാറുകളിലും 122 പരിശോധന ബിയർ പാർലറുകളിലും നടത്തി. 94 പാൻമസാല കടയും മെഡിക്കൽ സ്റ്റോറുകളിൽ 136 തവണയും ഇതര സംസ്ഥാന തൊഴിലാളികൾ പാർക്കുന്ന സ്ഥലങ്ങളിൽ 78 തവണയും പരിശോധന നടത്തിയിട്ടുണ്ട്. ജില്ലയിലെ കള്ളുഷാപ്പുകളിൽ പരിശോധന നടത്തിയതിൽ 14 കേസ് ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്തതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസുമായി ചേർന്ന് 14 ജോയൻറ് റെയ്ഡ് നടത്തി. ജില്ലതല ജനകീയ കമ്മിറ്റിയിൽ ഡെപ്യൂട്ടി കലക്ടർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ എ.എൻ. ഷാ റിപ്പോർട്ട് അവതരിപ്പിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, കെ.സി. വേണുഗോപാൽ എം.പിയുടെ പ്രതിനിധി കെ.വി. മേഘനാദൻ, കേരള പ്രദേശ് മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി ജോൺ മാടവന, ഹക്കീം മുഹമ്മദ് രാജ, പി.വി. ജേക്കബ് പ്ലാമൂട്ടിൽ, ബേബി പാറക്കാടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.