പെരുമ്പാവൂർ: ഗായിക മഞ്ജുഷ മോഹൻദാസിെൻറ മരണം വിശ്വസിക്കാനാകാതെ വളയൻചിറങ്ങര ഗ്രാമം. അപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും മരണം തട്ടിയെടുക്കുമെന്ന് ആരും കരുതിയില്ല. സംഗീതവും നൃത്തവും തപസ്യയാക്കിയ കലാകാരിയാരുന്നു മഞ്ജുഷ. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽതന്നെ കലാമണ്ഡലം വാസന്തിയിൽനിന്ന് നൃത്തവും ചന്ദ്രമന തിരുമേനിയിൽനിന്ന് സംഗീതവും അഭ്യസിച്ചു. നെടുങ്ങുന്നം വാസുദേവൻ മാഷും സംഗീതത്തിൽ ഗുരുവാണ്. സ്കൂൾ കലോത്സവ വേദികളിൽ നൃത്തത്തിലും സംഗീതത്തിലും മികവുപുലർത്തി. നാടോടി നൃത്തവും ഭരതനാട്യവും ഒരേപോലെ കൈകാര്യം ചെയ്തിരുന്ന ചുരുക്കം ചില കലാകാരികളിൽ ഒരാളായിരുന്നു. ഈ രംഗത്തെ വിദഗ്ധയായ പരിശീലക കൂടിയായിരുന്നു ഇവർ. വളയൻചിറങ്ങരയിലെ ഇവരുടെ വീടിനുസമീപം 13 വർഷം മുമ്പ് മഞ്ജുഷ ആരംഭിച്ച ലാസ്യ സ്കൂൾ ഓഫ് ആട്സ് ആൻഡ് മ്യൂസിക് എന്ന പേരിൽ നടത്തുന്ന സ്ഥാപനത്തിൽനിന്ന് വർഷംതോറും നൂറുകണക്കിന് കുട്ടികളാണ് നൃത്തവും സംഗീതവും അഭ്യസിച്ചിറങ്ങിയത്. ആയിരക്കണക്കിന് ശിഷ്യരാണ് അധ്യാപികയുടെ വേർപാടിൽ മനംനൊന്ത് വ്യാഴാഴ്ച വളയൻചിറങ്ങരയിലേക്ക് എത്തിയത്. മഞ്ജുഷ പ്രശസ്തയായതോടെ വിദ്യാലയവും പ്രശസ്തിയിലേക്ക് ഉയർന്നു. ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് ഇവർ പ്രശസ്തമായത്. വിദേശത്തായിരുന്നു പിതാവ് മോഹൻദാസ്. വലിയ സാമ്പത്തിക ഉയർച്ചയിലായിരുന്നില്ല കുടുംബം. എന്നാൽ, മഞ്ജുഷ ആരംഭിച്ച കലാലയം ഇവരുടെ ഉപജീവനമാർഗം കൂടിയായിരുന്നു. ഇതിനിടെ, മിനിസ്ക്രീനിലൂടെ അഭിനയവും വഴങ്ങുമെന്ന് തെളിയിച്ച മഞ്ജുഷ, കലാരംഗത്തുനിന്നുള്ള കണ്ണൂർ സ്വദേശി പ്രിയദർശൻ ലാലിനെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തു. അമ്മയുടെ വേർപാട് അറിയാതെ കഴിയുന്ന ഒരു വയസ്സുകാരി വേവിക ഏക മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.