വിട പറഞ്ഞത് ഗാന്ധിയൻ ആദർശങ്ങൾ മുറുകെ പിടിച്ച വ്യക്തിത്വം

മട്ടാഞ്ചേരി: സ്ഥാനമാനങ്ങൾക്ക് വേണ്ടി സത്യസന്ധത വെടിഞ്ഞ് ഓരം ചേർന്നു പ്രവർത്തിക്കുന്നവരുടെ രാഷ്ട്രീയ കാലഘട്ടത്തിൽ ഗാന്ധിയൻ ആദർശങ്ങൾ മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു എന്‍.കെ.എ. ലത്തീഫ്. സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിലെ പ്രവർത്തകനാണെങ്കിലും തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയും ശക്തമായ ഭാഷയിൽ എതിർക്കുകയും ചെയ്തു. സത്യം ആരുടെയും മുഖത്തുനോക്കി പറയുകയും ഉപദേശിക്കുകയും ചെയ്യുന്നതായിരുന്നു ലത്തീഫി​െൻറ രീതി. ഇത് പലപ്പോഴും ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും നൂറ് മടങ്ങ് സുഹൃത്തുക്കളെയും അദ്ദേഹത്തിന് സമ്മാനിച്ചു. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ വായന ശീലമാക്കിയിരുന്നു. ചെറുപ്പത്തിലെ സ്വാതന്ത്ര്യ സമരാനുകൂലിയായി മാറുകയും വൈകാതെ സോഷ്യലിസ്റ്റ് ചിന്താധാരയിൽ ആകൃഷ്ടനുമായി. മത്തായി മാഞ്ഞൂരാൻ എന്ന നേതാവിലാണ് ലത്തീഫ് ത​െൻറ രാഷ്ട്രീയ ഗുരുവിനെ കണ്ടെത്തിയത്. തുടർന്ന് കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ കൊച്ചിയിലെ പ്രധാന പ്രവർത്തകനായി. തന്നെക്കാൾ പ്രായക്കൂടുതലുള്ളവരുമായുള്ള സഹവാസവും പരന്ന വായനയും നന്നേ ചെറുപ്പത്തിലേ അദ്ദേഹത്തെ സ്വാതന്ത്ര്യ സമരാനുകൂലിയും സാമൂഹിക പ്രവർത്തകനുമാക്കി. 1969 ൽ കോൺഗ്രസുമായി ചേർന്ന് തെരെഞ്ഞടുപ്പിനെ നേരിട്ടപ്പോൾ നാഷനൽ കോൺഗ്രസിൽ എത്തി. കെ. കരുണാകരനുമായുള്ള അടുപ്പം കെ.പി.സി.സിയിലും എ.ഐ.സി.സിയിലും എത്തിച്ചു. രണ്ടു തവണ കോർപറേഷൻ കൗൺസലർ സ്ഥാനവും പാര്‍ട്ടിയുടെ ഉന്നത പദവികളും അലങ്കരിച്ച ലത്തീഫ് ജീവിതത്തില്‍ ഒരിക്കലും സത്യസന്ധത കൈ വെടിഞ്ഞിരുന്നില്ല. എല്ലാ പൊതുപ്രവര്‍ത്തകരെ പോലെയും അദ്ദേഹത്തി​െൻറ ജീവിതവും പ്രാരബ്ധം നിറഞ്ഞതായിരുന്നു. ഇതിനിടയിലും പ്രലോഭനങ്ങളില്‍ വീഴാതെ നിന്നു. കുടുംബത്തി‍​െൻറ കാര്യത്തില്‍ നല്ല നാഥനുമായിരുന്നു. സരസമായ പ്രസംഗ ശൈലിയിലൂടെ അദ്ദേഹം ഏവരേയും ആകര്‍ഷിച്ചു. ആരോടും കോപിക്കാത്ത വ്യക്തിത്വവുമായിരുന്നു. കൂട്ടുകാരുടെയെല്ലാം ലത്തീഫ്ക്കയായി. കൊച്ചിയിൽ എത് പരിപാടി നടന്നാലും ലത്തീഫി​െൻറ സാന്നിധ്യം നാട്ടുകാരും, സംഘാടകരും ആഗ്രഹിച്ചിരുന്നു. കൊച്ചിയുടെ ചരിത്രം മനസ്സിലാക്കിയ നേതാവുമാണ്. ആറര പതിറ്റാണ്ട് കാലം കൊച്ചിയുടെ സാംസ്കാരിക ഭൂപടത്തിൽ ലത്തീഫി​െൻറ സ്ഥാനം മുൻനിരയിൽതന്നെയായിരുന്നു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരുന്നു അദ്ദേഹത്തി​െൻറ പ്രഭാഷണങ്ങൾ. ജീവിതാവസാനം വരെയും ഗാന്ധിയന്‍ ശൈലി നിലനിർത്താൻ ശ്രദ്ധിച്ചു. അദ്ദേഹത്തി​െൻറ വിയോഗത്തിലൂടെ കൊച്ചിക്ക് നല്ലൊരു സാഹിത്യകാരനെയും അതൊടൊപ്പം ഒരു തികഞ്ഞ ഗാന്ധിയനെയുമാണ് നഷ്ടമായത്. പ്രധാന കൃതികൾ: കച്ചവടശൈലി, മാപ്പിളശൈലി, നെഹ്റുവും ഇന്ദിരയും ഇന്ത്യയിലെ മുസ്ലിംകളും, ഇന്ദിരാഗാന്ധിയും കോൺഗ്രസും, മതവും സംസ്കാരവും (പഠനങ്ങൾ), ഇബ്ലീസി​െൻറ കുതിര, ദൈവത്തി​െൻറ വീട്ടിലേക്ക് ഒരു നടപ്പാത (കഥകൾ), ആരാധന (ഏകാങ്കം), കുട്ടികൾക്ക് കുറെ ശൈലികൾ (ബാലസാഹിത്യം), കച്ചവടത്തി​െൻറ നാനാർഥങ്ങൾ. അവാർഡുകൾ: പ്രഫ. പി.എസ്. വേലായുധൻ സപ്തതി അവാർഡ്, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ (ചെന്നൈ) അവാർഡ്, കൊച്ചി നഗരസഭ പുരസ്കാരം, എസ്.എം.എ. കരിം അവാർഡ്, ഡോ. ഹെർമൻ ഗുണ്ടർട്ട് അവാർഡ്, കൊച്ചിൻ ഹെറിറ്റേജ് അവാർഡ്, സാഹിത്യ ദർപ്പണ അവാർഡ്, മീഡിയ വിഷൻ അവാർഡ്, എ.വി. ജോൺ അവാർഡ്, ഗാന്ധിയൻ സെയ്ത് അവാർഡ്, കൊച്ചി ഫൈൻ ആർട്സ് സൊസൈറ്റി അവാർഡ്, ലോക നാടക വേദിയുടെ എഡി മാസ്റ്റർ അവാർഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.