മാറാടി സബ് സ്​റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങി

മൂവാറ്റുപുഴ: മാറാടി സബ് സ്റ്റേഷൻ ഒമ്പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. മാറാടി 110 കെ.വി. സബ് സ്റ്റേഷ‍​െൻറ ഒന്നാംഘട്ടത്തില്‍ 66 കെ.വി. സബ്സ്റ്റേഷനാണ് പ്രവര്‍ത്തന സജ്ജമായത്. സബ്സ്റ്റേഷനില്‍നിന്നും എം.സി. റോഡ് ഫീഡറിലടക്കം വൈദ്യുതി വിതരണം ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ 110 കെ.വി. സബ് സ്റ്റേഷൻ നിർമാണം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയില്‍ എം.സി റോഡിനോട് ചേര്‍ന്ന ഒന്നര ഏക്കര്‍ സ്ഥലത്താണ്സബ്‌സ്റ്റേഷന്‍ നിര്‍മിച്ചത്. കെ.എസ്.ഇ.ബിയില്‍നിന്നും 17 കോടിയാണ് അനുവദിച്ചത്. നേര്യമംഗലം പവര്‍ഹൗസില്‍നിന്നും വരുന്ന കോതമംഗലം-കൂത്താട്ടുകുളം ലൈനില്‍ നിന്നാണ് മാറാടി സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. സബ്‌സ്റ്റേഷന് സമീപം വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി മൂന്ന് ടവറുകള്‍ സ്ഥാപിച്ചു. ഈ ലൈന്‍ നിലവില്‍ 66 കെ.വി. ലൈനാണ്. ഇത് 110 കെ.വി. ലൈനാക്കുന്നതിന് പ്രവൃത്തികളും ഇതോടൊപ്പം നടക്കുന്നു. ട്രാന്‍സ്‌ഫോർമര്‍, കണ്‍ട്രോള്‍ റൂം, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിന് യാര്‍ഡ് എന്നിവയുടെ നിർമാണവും പൂര്‍ത്തിയാക്കി. പദ്ധതി യാഥാർഥ്യമാകുന്നതോടെ മൂവാറ്റുപുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനും വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമാകും. അതിവേഗം വളരുന്ന മൂവാറ്റുപുഴ നഗരത്തി​െൻറയും നാള്‍ക്കുനാള്‍ വർധിക്കുന്ന വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനും വോള്‍ട്ടേജ് ക്ഷാമത്തിനും സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പരിഹാരമാകും. മൂവാറ്റുപുഴ ടൗണിലും, ആരക്കുഴ, പണ്ടപ്പിള്ളി, കൂത്താട്ടുകുളം, മാറാടി പഞ്ചായത്തുകളുമാണ് സബ്‌സ്റ്റേഷന് കീഴില്‍ വരുന്നത്. പദ്ധതി പൂര്‍ണമായും യാഥാർഥ്യമാകുന്നതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മറ്റ് സ്ഥലങ്ങളിലും വൈദ്യുതി വിതരണം കൂടുതല്‍ ഫലപ്രദമായി നടത്താനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.