അങ്കമാലിയിലേക്ക് മെട്രോ: ഡി.പി.ആർ തയാറാക്കാൻ യു.എം.ടി.സി

കൊച്ചി: മൂന്നാംഘട്ട വികസനഭാഗമായി കൊച്ചി മെട്രോ ആലുവയിൽനിന്ന് അങ്കമാലിയിലേക്ക് നീട്ടുന്നതിന് വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കാൻ ചുമതല അർബൻ മാസ് ട്രാൻസിറ്റ് കമ്പനിക്ക്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുകൂടി ബന്ധിപ്പിക്കാനാണ് മൂന്നാംഘട്ടത്തിൽ ലക്ഷ്യം. 65 ലക്ഷത്തിനാണ‌് കരാർ. നാലുമാസത്തിനകം റിപ്പോർട്ട് തയാറാക്കണം. 2015 ഡിസംബറിൽ ഇതിനുള്ള പദ്ധതി റിപ്പോർട്ട് തയാറാക്കിയിരുന്നു. എന്നാൽ, 2017ലെ പുതിയ മെട്രോ നയത്തിന‌് അനുസൃതമായി പുതുക്കി സമർപ്പിക്കണം. 2015ലെ റിപ്പോർട്ട് അനുസരിച്ച് 3115 കോടിയായിരുന്നു ചെലവ്. വിമാനത്താവളത്തിലേക്കുള്ള 5.07 കിലോമീറ്റർ ലൈൻകൂടി നിർമിക്കാൻ 822.27 കോടി അധികം വേണം. മെട്രോയിലും ചെലവുകുറഞ്ഞ പൊതുഗതാഗതം സാധ്യമാണോ, മെട്രോയുടെ നേട്ടങ്ങൾ എന്നിവ റിപ്പോർട്ടിൽ താരതമ്യം ചെയ്യണം. പുതിയ എസ്റ്റിമേറ്റ്, ചെലവും പ്രതീക്ഷിക്കുന്ന വരുമാനവും തമ്മിലെ താരതമ്യം, മറ്റ് ഗതാഗതമാർഗങ്ങളുമായുള്ള ഏകോപനം, ഫീഡർ സർവിസുകൾ എന്നീ ഘടകങ്ങളും പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. കേന്ദ്രസർക്കാറും ആന്ധ്രപ്രദേശ് ട്രാൻസ്പോർട്ട‌് കോർപറേഷനും ചേർന്ന സംയുക്ത സംരംഭമാണ് യു.എം.ടി.സി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.