കുഞ്ചൻ സ്മാരകം സുവർണജൂബിലി നിറവിൽ മലയാളഭാഷയിലെ മഹാപ്രതിഭാശാലിയായിരുന്ന കുഞ്ചൻ നമ്പ്യാരുടെ സ്മരണകൾ ഉണർത്തുന്നതാണ് അദ്ദേഹത്തിെൻറ കൃതികളെങ്കിലും ജന്മംകൊണ്ടും കർമംകൊണ്ടും ജീവിച്ച പ്രദേശങ്ങൾ കേന്ദ്രമാക്കി രണ്ട് സ്മാരകം സംസ്ഥാന സർക്കാർ പണിതുയർത്തിയിട്ടുണ്ട്. അവയിലൊന്ന് പാലക്കാട് ലക്കിടിയിലും മറ്റൊന്ന് അമ്പലപ്പുഴയിലുമാണ്. സർക്കാറിെൻറ ചുമതലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ കുഞ്ചൻ നമ്പ്യാർ എന്ന മഹാകവിയോട് കേരളത്തിെൻറ കടപ്പാടും ആദരവും പ്രകടിപ്പിക്കുന്ന കലാകേന്ദ്രങ്ങളാണ്. പാലക്കാട് ജില്ലയിലെ ലക്കിടി കിള്ളിക്കുറിശ്ശി മംഗലത്താണ് കുഞ്ചൻ സ്മാരകം. നമ്പ്യാരുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഉൾനാടൻ ഗ്രാമപ്രദേശമാണ് ലക്കിടി. കർമംകൊണ്ടും ജീവിതംകൊണ്ടും കുഞ്ചൻ നമ്പ്യാർ അമ്പലപ്പുഴക്കാരനായിരുന്നു. അന്ന് അമ്പലപ്പുഴ ഇത്രയേറെ അറിയപ്പെട്ടിരുന്നില്ല. അമ്പലപ്പുഴയുടെ യശസ്സ് ഉയർത്തിയ മഹാകവിയുടെ പേരിൽ സ്മാരകം ഉണ്ടാകണമെന്നും അവിടെ തുള്ളൽക്കല നിലനിർത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരം ഉണ്ടാകണമെന്നുമുള്ള നാട്ടുകാരുടെ ചിരകാലാഭിലാഷ സാക്ഷാത്കാരമായി സ്ഥാപിച്ചതാണ് അമ്പലപ്പുഴ കുഞ്ചൻ സ്മാരകം. ആലപ്പുഴ-തകഴി റോഡിന് സമീപം അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിെൻറ കിഴക്കേനടയിലാണ് സ്മാരകം പണികഴിപ്പിച്ചത്. പട്ടം താണുപിള്ളയുടെ നേതൃത്വത്തിെല മന്ത്രിസഭയാണ് ആദ്യം സ്ഥലം ഏറ്റെടുത്തത്. ഇവിടെ നേരേത്ത അമ്പലപ്പുഴ ക്ഷേത്രം വക ഗോശാല ആയിരുന്നു. പശുക്കളെ വളർത്തൽ ദേവസ്വം ബോർഡ് നിർത്തിയ സാഹചര്യത്തിലാണ് സ്ഥലം സ്മാരകത്തിനുവേണ്ടി സർക്കാർ ഏറ്റെടുത്തത്. പിന്നീട് വന്ന ഇ.എം.എസ് സർക്കാറാണ് നിർമാണപ്രവർത്തനം പൂർത്തിയാക്കിയത്. 1967 സെപ്റ്റംബർ അഞ്ചിന് വിദ്യാഭ്യാസ--സാംസ്കാരിക മന്ത്രി സി.എച്ച്. മുഹമ്മദ് കോയ സ്മാരകം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. മുൻ വിദ്യാഭ്യാസമന്ത്രി പ്രഫ. ജോസഫ് മുണ്ടശ്ശേരി, കുട്ടനാടിെൻറ ഇതിഹാസ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള എന്നിവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഡോ. കെ.കെ. നായർ ചെയർമാനും അമ്പലപ്പുഴ ബ്രദേഴ്സിലെ നാഗസ്വര കുലപതി ശങ്കരനാരായണ പണിക്കർ സെക്രട്ടറിയുമായി ആദ്യ ഭരണസമിതി അധികാരമേൽക്കുകയും ചെയ്തു. ജനനവും ജീവിതവഴികളും പാലക്കാട് ലക്കിടി കിള്ളിക്കുറിശ്ശി മംഗലം കലക്കത്ത് ഭവനമാണ് കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹം. കൊല്ലവർഷം 880 മുതൽ 945 വരെയാണ് കുഞ്ചൻ നമ്പ്യാരുടെ ജീവിതകാലം. ഇംഗ്ലീഷ് കലണ്ടറിൽ മേയ് അഞ്ചിനാണ് കുഞ്ചൻ ദിനമായി കൊണ്ടാടുന്നത്. കിള്ളിക്കുറിശ്ശി മംഗലം ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന കിടങ്ങൂർ കല്ലമ്പിള്ളി മന അംഗമായിരുന്നു പിതാവ്. ചെറുപ്പകാലത്ത് അച്ഛെൻറ കൂടെ കിടങ്ങൂരിലെത്തിയ നമ്പ്യാർ കോട്ടയത്തിനടുത്ത് കുടമാളൂർ ഗ്രാമത്തിലെ തെക്കേടത്ത് ഭട്ടതിരിയെ ആശ്രയിച്ച് താമസിച്ചതിനുശേഷം ചെമ്പകശ്ശേരി രാജാവായ ദേവനാരായണെൻറ ആസ്ഥാനമായ അമ്പലപ്പുഴയിലെത്തി. ചെമ്പകശ്ശേരി രാജാവിെൻറയും മാത്തൂർ പണിക്കരുടെയും ആശ്രിതനായി ഇവിടെ താമസമാക്കി. ആദ്യഗുരു രാഘവ പാണിവാദനാണ്. കുഞ്ചൻ നമ്പ്യാരുടെ യഥാർഥനാമം രാമപാണി വാദൻ ആണെന്ന വാദവും ഉണ്ട്. ചാക്യാർ കൂത്ത് പറയുമ്പോൾ മിഴാവ് കൊട്ടുന്ന ജോലി നമ്പ്യാരുടേതായിരുന്നു. അമ്പലപ്പുഴയിലെത്തി താമസമാക്കിയതിനുശേഷം നമ്പ്യാരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയത് ദോണമ്പിള്ളി ആചാര്യൻ, നന്ദിക്കാട് ഉണ്ണി രവിക്കുറുപ്പ് എന്നീ ഗുരുനാഥന്മാരായിരുന്നു. പ്രാചീന കേരളീയ കലയെന്നതിലുപരി മലയാളഭാഷ സാഹിത്യത്തെ സമ്പന്നമാക്കിയ പ്രസ്ഥാനമാണ് തുള്ളൽ. മിഴാവ് കൊട്ടിക്കൊണ്ടിരിക്കെ ഉറക്കം തൂങ്ങിയതിന് തന്നെ പരിഹസിച്ച ചാക്യാരോട് പകരം വീട്ടാൻ അടുത്തദിവസം അമ്പലപ്പുഴ ക്ഷേത്രത്തിലെ കളിത്തട്ടിൽ കയറി കുഞ്ചൻ നമ്പ്യാർ 'കല്യാണസൗഗന്ധികം' തുള്ളൽ അവതരിപ്പിച്ചു എന്നതാണ് ഐതിഹ്യം. ഇതാണ് നമ്പ്യാരുടെ ആദ്യത്തെ തുള്ളൽ കൃതി. തുള്ളൽ മൂന്ന് വിധമുണ്ട്-ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ, ഓട്ടൻ തുള്ളൽ. മലയാളത്തിലെ ഏറ്റവും വലിയ ജനകീയകവി എന്ന സ്ഥാനം കുഞ്ചൻ നമ്പ്യാർക്കുള്ളതാണ്. ജീവിതത്തിൽ ഒറ്റയാൻ; അന്ത്യം അമ്പലപ്പുഴയിൽ പേ വിഷബാധയേറ്റ് കുഞ്ചൻ നമ്പ്യാർ ജീവിതകാലം മുഴുവൻ ഒറ്റയാനായാണ് കഴിഞ്ഞത്. വിവാഹിതനായി കുടുംബജീവിതം നയിെച്ചന്ന് തെളിയിക്കുന്ന ഒരുരേഖയും ലഭിച്ചിട്ടില്ല. നാടോടിയായി പലയിടങ്ങളിൽ കഴിഞ്ഞുകൂടിയ കുഞ്ചൻ നമ്പ്യാർ ആത്മബന്ധം പുലർത്തിയിരുന്നത് അമ്പലപ്പുഴയുമായാണ്. മാർത്താണ്ഡവർമ ചെമ്പകശ്ശേരി പിടിച്ചെടുത്തശേഷം അദ്ദേഹത്തോടൊപ്പം തിരുവനന്തപുരത്ത് പോവുകയും രാജകൊട്ടാരത്തിൽനിന്ന് സംഭാവനകളും സഹായങ്ങളും നേടുകയും ചെയ്തു. ഇക്കാലയളവിൽ പാലക്കാട് കിള്ളിക്കുറിശ്ശി മംഗലം കലക്കത്ത് പോയി കുടുംബം പുതുക്കിപ്പണിതു എന്നൊരു വിവരമുണ്ട്. പാലിയത്തച്ചൻ, മനക്കുളത്ത് രാജാവ് എന്നിവരുമായി ഇക്കാലയളവിൽ ബന്ധം പുലർത്തി. തിരുവനന്തപുരത്തുനിന്ന് വീണ്ടും അമ്പലപ്പുഴയിൽ എത്തിയെങ്കിലും പിന്നീട് അത്ര മനസ്സുഖത്തോടെയല്ല കഴിഞ്ഞിരുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് തെക്ക് രാജാവ് നൽകിയ നമ്പ്യാർ മഠത്തിൽ സ്ഥിരമായി താമസിച്ചിരുന്നതായും രേഖയില്ല. കാരണം അമ്പലപ്പുഴയിൽ അനേകം ശത്രുക്കളെ അദ്ദേഹം ഉണ്ടാക്കിയെടുത്തിരുന്നു. മുഖം നോക്കാതെയുള്ള പരിഹാസങ്ങൾ മറന്നിട്ടില്ലാത്ത മേലാളന്മാർക്ക് അദ്ദേഹത്തോട് നീരസമുണ്ടായിരുന്നു. നമ്പ്യാർ ഇതൊന്നും വകവെക്കാതെ മാത്തൂർ കുടുംബത്തിലും കോവിലകങ്ങളിലുമായി ദിനങ്ങൾ തള്ളിനീക്കി. ഇങ്ങനെയിരിക്കെയാണ് പുതിയ കോവിലകത്ത് സദ്യയിൽ പങ്കെടുത്തത്. എന്നാൽ, പേപ്പട്ടി കടിച്ചതിെൻറ പഥ്യം തീരാതെ നാരങ്ങക്കറി കൂട്ടിയതിനാൽ അന്ത്യം സംഭവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.