ദുബൈയിലെ നരകജീവിതത്തിന്​ വിട; ശശിധരപ്പണിക്കരും ഭാര്യയും നാട്ടിലെത്തി

ഹരിപ്പാട്: ദുബൈയിൽ സ്വകാര്യ കമ്പനി ഉടമയുടെ ചതിയിൽപെട്ട് ദുരിതജീവിതം നയിച്ചിരുന്ന മലയാളി മെക്കാനിക്കൽ എൻജിനീയറും ഭാര്യയും ഒടുവിൽ നാട്ടിൽ തിരിച്ചെത്തി. ഹരിപ്പാട് അകംകുടി ഷെപ്പേഡ്‌ വില്ലയിൽ ജി. ശശിധരപ്പണിക്കർ (64), ഭാര്യ രാധ പണിക്കർ (58) എന്നിവരാണ് മടങ്ങിയെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രവാസി മലയാളികളുടെയും ഇടപെടൽ മൂലമാണ് ദുബൈയിലെ വാടക വീട്ടിലെ നരകജീവിതത്തിൽനിന്ന് മോചിതരായി നാട്ടിൽ തിരിച്ചെത്താൻ സഹായിച്ചതെന്ന് ശശിധരപ്പണിക്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1990ൽ വിദേശത്ത് പോയ പണിക്കർ ഇറാഖിലും ജോർഡനിലും ജോലിയെടുത്തിട്ടുണ്ട്. 1997ലാണ് ദുബൈയിൽ എത്തി കെട്ടിടനിർമാണ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. കാവാലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ശശിധരപ്പണിക്കരും ഉടമയും തമ്മിൽ തുടക്കത്തിൽ നല്ല ബന്ധമായിരുന്നു. 2000 ദിർഹം ശമ്പളവും വീട്ടുവാടകയും ലഭിച്ചിരുന്നു. വ്യക്തിവൈരാഗ്യം മൂലം പിന്നീട് ബന്ധം വഷളായി. കമ്പനി വിടാനും സ്വന്തമായി സ്റ്റീൽ ഫാബ്രിക്കേഷൻ സ്ഥാപനം തുടങ്ങാനും ശശിധരപ്പണിക്കർ ഉദ്ദേശിച്ചിരുന്നു. ഇത് അറിഞ്ഞതോടെ വിരോധിയായി മാറിയ ഉടമ കേസിൽ കുടുക്കുകയായിരുന്നുവെന്ന് പണിക്കർ പറഞ്ഞു. ദുബൈ കോടതി 68,000 ദിർഹം പണിക്കർക്ക് കൊടുക്കാൻ വിധിച്ചു. ഉടമ അപ്പീൽ പോയതിനെ തുടർന്ന് 31,000 ദിർഹം ആക്കി. ഇതും തന്നില്ലെന്ന് ശശിധരപ്പണിക്കർ പറയുന്നു. കടുത്ത പീഡനമാണ് അഞ്ചുവർഷത്തോളം തനിക്കും ഭാര്യക്കും അനുഭവിക്കേണ്ടി വന്നത്. യാചിച്ചാണ് ആഹാരം കഴിച്ചിരുന്നത്‌. എല്ലാം വിറ്റുപെറുക്കിയാണ് കേസ് നടത്തിയത്. ടെലിവിഷൻ ചാനലിൽ ദുരിതജീവിതം വാർത്തയായതോടെ ദുബൈയിൽ ഉണ്ടായിരുന്ന രമേശ് ചെന്നിത്തല ഇടപെട്ടു. അദ്ദേഹം തന്നെ വന്ന് കാണുകയും സഹായം ഉറപ്പാക്കുകയുമായിരുന്നെന്ന് ശശിധരപ്പണിക്കർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ രാധ പണിക്കർ, പുതുശേരി രാധാകൃഷ്ണൻ, രാധ ചന്ദന, സലിം ഗസൽ, ചാക്കോ, അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.