ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിെൻറ തെക്കേക്കരയിലും വടക്കേക്കരയിലും ജനങ്ങൾക്ക് കുടിക്കാൻ തുള്ളി വെള്ളമില്ല. ഉത്തരപ്പള്ളിയാർ, കുട്ടമ്പേരൂർ ആറ്, പമ്പാനദി എന്നീ മൂന്ന് ജലസ്രോതസ്സുകളാൽ സമൃദ്ധമായ ഗ്രാമമാണ് പാണ്ടനാെടങ്കിലും കിണറുകളിൽ വെള്ളത്തിന് ഓറഞ്ച് നിറമാണ്. ജല അതോറിറ്റിയുടെ കല്ലിശ്ശേരിയിൽ സ്ഥാപിച്ച സംഭരണിയിൽനിന്നാണ് ഒന്നുമുതൽ അഞ്ചുവരെ വാർഡുകളിൽ ജലം എത്തിക്കുന്നത്. അഞ്ചുമുതൽ 13 വരെയുള്ള വാർഡുകളിൽ ഗവ. ജെ.ബി സ്കൂൾ കീഴ്വൻമഴിക്ക് സമീപത്തെ സംഭരണിയിൽ നിന്നും. ഇതിലേക്കുള്ള വെള്ളം പരുമല തിക്കപ്പുഴ സ്ട്രാ ബോർഡ് കമ്പനിക്ക് സമീപത്തെ കിണറ്റിൽനിന്നാണ്. രണ്ട് ടാങ്കുകളിലും ജലം എത്തിക്കുന്നത് എ.സി പൈപ്പുകൾ വഴിയാണ്. നാല് പതിറ്റാണ്ട് മുമ്പ് മുതൽ ഉപയോഗിച്ച് വരുന്ന പൈപ്പുകൾ മുഴുവനും കാലഹരണപ്പെട്ടു. മിക്കപ്പോഴും പൈപ്പ് പൊട്ടി ജലം പാഴാകും. 5000 ലിറ്റർ വീതമുള്ള ടാങ്കുകളിൽ രണ്ട് വാഹനങ്ങളിലായി ഇപ്പോൾ പഞ്ചായത്തിെൻറ 13 വാർഡുകളിലും എത്തിക്കുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണമെന്ന ആവശ്യവുമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടുണ്ട്. പാണ്ടനാട് പറമ്പത്തൂർപടി പോക്കാട്ടുകടവിൽ പമ്പയുടെ തീരത്ത് കുടിവെള്ള പ്ലാൻറ് നിർമിക്കാൻ ജലസേചന വകുപ്പ് മണ്ണ് പരിശോധനയും മറ്റും നടത്തി. പ്ലാൻറ് നിലവിൽ വരുന്നതോടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനാവുമെന്ന് വാർഡ് അംഗം ടി.ഡി. മോഹനൻ പറഞ്ഞു. ഇതിനായി 48 കോടി രൂപ ജലസേചന വകുപ്പ് അനുവദിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ, മാന്നാർ, ആല, ചെന്നിത്തല, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, വൈസ് പ്രസിഡൻറുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പാണ്ടിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി ഹരിപ്പാട്: ചെറുതന പഞ്ചായത്തിൽ പാണ്ടി പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പുതിയ കണക്ഷൻ. ചെറുതന പഞ്ചായത്തിലെ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് പാണ്ടി. തുരുത്ത് പ്രദേശമാണെങ്കിലും ഇവിടെ കുടിവെള്ളത്തിന് നാട്ടുകാർക്കെന്നും പ്രശ്നമാണ്. ചുറ്റുപാടുമുള്ള വെള്ളം ഒാരു കലർന്നതും കുടിക്കാൻ പറ്റാത്തതുമാണ്. നിലവിൽ കുഴൽക്കിണറിൽനിന്ന് വെള്ളം ലഭിക്കുമെങ്കിലും വല്ലപ്പോഴുമാണിത്. പുതുതായി ആയാപറമ്പിൽനിന്ന് 200 മീറ്റർ കണക്ഷനാണ് എടുക്കുന്നത്. ഇത് പൂർത്തിയായാൽ കുടിവെള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരമാകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. പിന്നാക്ക വിഭാഗക്കാർ ഏറെ താമസിക്കുന്ന പ്രദേശമാണിത്. അനുസ്മരണം ഹരിപ്പാട്: മുൻ എം.എൽ.എ കെ.കെ. ശ്രീനിവാസെൻറ 24ാമത് അനുസ്മരണവും പഠനോപകരണ വിതരണവും ബുധനാഴ്ച രാവിലെ 9.30ന് ചിങ്ങോലി എസ്.എൻ.ഡി.പി ഹാളിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.കെ. ശ്രീനിവാസൻ ട്രസ്റ്റ് ചെയർമാൻ എം. മനോഹരൻ പിള്ള അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.