ചേർത്തല: തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോടുള്ള അംഗൻവാടി കെട്ടിടം കാലപ്പഴക്കത്താൽ ദ്രവിച്ച് അപകടഭീഷണിയിലായിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി. പതിറ്റാണ്ടുകൾ പഴക്കമുള്ള ഓടുപാകിയ മേൽക്കൂരയോട് കൂടിയ കെട്ടിടമാണിത്. മേൽക്കൂരയുടെ പട്ടികയും കഴുക്കോലും ദ്രവിച്ച അവസ്ഥയിലാണ്. രണ്ടുവർഷം മുമ്പ് ആയിരങ്ങൾ െചലവഴിച്ച് നിർമിച്ച സീലിങ് മാസങ്ങൾക്കകം തകർന്നുവീണു. കെട്ടിടത്തിെൻറ ചുവരുകൾ അടർന്ന് തകർന്ന നിലയിലാണ്. പതിനഞ്ചോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികൾക്കായി ഇവിടെ നിർമിച്ച ശൗചാലയവും ഉപയോഗിക്കാൻ സാധിക്കാത്ത വിധം നാശമായി കിടക്കുകയാണ്. അംഗൻവാടി കെട്ടിടത്തിെൻറ മുൻവശം റോഡാണ്. കെട്ടിട്ടത്തോട് ചേർന്ന് പോകുന്ന റോഡും കുട്ടികളുടെ ജീവന് ഭീഷണി ഉയർത്തുന്നുണ്ട്. അംഗൻവാടിയുടെ ഭൂമി കൈയേറിയാണ് റോഡ് നിർമിച്ചതെന്ന് പരാതിയുണ്ട്. ഇതുമൂലം ചുറ്റുമതിൽ നിർമിക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. ഇതുസംബന്ധിച്ച് നിരവധി തവണ ഗ്രാമസഭകളിൽ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സ്‌പെഷല്‍ സ്‌കൂള്‍ രജതജൂബിലി ആഘോഷം മുഹമ്മ: ദീപ്തി സ്‌പെഷല്‍ സ്‌കൂള്‍ രജതജൂബിലി ആഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിച്ചു. ജൂബിലി സ്മാരക ചാപ്പല്‍ വെെഞ്ചരിപ്പും നടന്നു. കുട്ടികളും രക്ഷകര്‍ത്താക്കളും അധ്യാപകരും അണിനിരന്ന ഘോഷയാത്രക്ക് ശേഷം ജൂബിലി സ്മാരക ചാപ്പല്‍ വെെഞ്ചരിപ്പ് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ഫാ. ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. പൊതുസമ്മേളനം കലക്ടര്‍ ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു. ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ സമൂഹത്തിെൻറ ഭാഗമാണെന്ന തിരിച്ചറിവില്‍ സര്‍ക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍, ഇതിനുവേണ്ടി മാത്രം കാത്തുനില്‍ക്കാതെ ഈ വിഭാഗത്തിൽപെട്ടവരുടെ സംരക്ഷണം സമൂഹത്തിെൻറ കൂടി ഉത്തരവാദിത്തമാണെന്ന തിരിച്ചറിവില്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും കലക്ടര്‍ പറഞ്ഞു. സിസ്റ്റര്‍ സാങ്റ്റ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ജെ. ജയലാല്‍ സ്മരണിക പ്രകാശനം ചെയ്തു. സിസ്റ്റര്‍ സുമാറോസ് ആമുഖ പ്രഭാഷണവും ഫാ. റോഷോ സ്റ്റീഫന്‍ പട്ടത്താനം പ്രഭാഷണവും നടത്തി. മനോജ്കുമാര്‍, അജിത, ഡോ. ജമീല, സി.എ. ജോസഫ് ചാലങ്ങാടി, സിസ്റ്റര്‍ എലൈറ്റ്, ശശിധരന്‍പിള്ള, പ്രിന്‍സിപ്പൽ സിസ്റ്റര്‍ ജോസ്‌ന, സിസ്റ്റര്‍ സാല്‍വി, സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ പ്രശാന്തി സ്വാഗതവും സിസ്റ്റര്‍ അഞ്ജലി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. നഷ്ടപരിഹാരം പ്രഖ്യാപിക്കണം മാരാരിക്കുളം: ഹൈവേ വികസനത്തിെൻറ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ കണ്‍വെന്‍ഷന്‍ മാരാരിക്കുളത്ത് ചേര്‍ന്നു. വ്യാപാരി വ്യവസായി സമിതി മാരാരിക്കുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കണ്‍വെന്‍ഷന്‍. ജില്ല പ്രസിഡൻറ് ഒ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് വി. വേണു അധ്യക്ഷത വഹിച്ചു. മണിമോഹന്‍, പി.ജി. രാധാകൃഷ്ണന്‍, കെ.എക്‌സ്. ജോപ്പന്‍, എം.എസ്. വേണുഗോപാല്‍ദാസ്, കെ.ടി. ചെമ്പകക്കുട്ടി, അബ്ദുൽ നിസാര്‍, ജയശ്രീദേവ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.