തീരം അനായാസം കൈയേറാൻ കുത്തകകൾക്ക് അവസരമൊരുങ്ങുമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി കൊച്ചി: തീരപരിപാലന നിയമത്തിലെ പുതിയ ഭേദഗതി മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിെൻറ താളം തെറ്റിക്കുമെന്ന ആശങ്കയിൽ തീരം. 2011ൽ പരിഷ്കരിച്ച നിയമത്തിെൻറ ചുവടുപിടിച്ചാണ് പുതിയ മാറ്റങ്ങളുമായി കേന്ദ്ര വനം-പരിസ്ഥിതി -കാലാവസ്ഥ വകുപ്പ് വിജ്ഞാപനം ഇറക്കിയത്. 60 ദിവസത്തിനകം സംസ്ഥാന സർക്കാറുകളും ബന്ധപ്പെട്ട വിഭാഗങ്ങളും അഭിപ്രായം അറിയിക്കണമെന്നാണ് നിർദേശം. ഭേദഗതി പ്രകാരം തീരവാസികൾക്ക് കടലോരത്ത് വേലിയേറ്റ മേഖല മുതൽ 50 മീറ്റർ വരെ വീട് നിർമിക്കാം. മുമ്പ് 500 മീറ്ററായിരുന്നു പരിധി. കായലോരത്ത് 50 മീറ്റർ വരെയുണ്ടായിരുന്ന നിർമാണവിലക്ക് 20 മീറ്റർ ആക്കി. വർഷങ്ങളായുള്ള തീരവാസികളുടെ ആവശ്യമാണെങ്കിലും ഇതിെൻറ മറവിൽ ആർക്കും നിർമാണപ്രവർത്തനം നടത്താമെന്ന സ്ഥിതിയായി. 12 നോട്ടിക്കൽ മൈൽ വരെ വരുന്ന കടൽ, കായൽ, നീർത്തടങ്ങളുടെ പരിപാലനാവകാശം സംസ്ഥാന സർക്കാറിനായിരുന്നത് ഭേദഗതിയിലൂടെ കേന്ദ്രം ഏറ്റെടുക്കുകയാണ്. ഭരണഘടനയുടെ 246ാം അനുേച്ഛദം ലിസ്റ്റ് 21 ഷെഡ്യൂൾ ആറിെൻറ ലംഘനമാണിതെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം ഏറ്റെടുത്താൽ തീരം അനായാസം കൈയേറാൻ കുത്തകകൾക്ക് അവസരമൊരുങ്ങുമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു. മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിസ്ഥിതി നിയമങ്ങൾ നിക്ഷേപ സൗഹൃദമാക്കാൻ ശിപാർശ ചെയ്തിരുന്നു. ഇതേ ആവശ്യം മുന്നോട്ടുെവച്ച ടി.എസ്.ആർ. സുബ്രഹ്മണ്യം കമ്മിറ്റിയുടെ ചുവടുപിടിച്ച് കേന്ദ്രം ഡോ. സൈലേഷ് നായിക് കമ്മിറ്റിയെ നിയമിച്ചു. ഇതേ നയംതന്നെയായിരുന്നു അവരുേടതും. ഈ പശ്ചാത്തലത്തിൽ തീരം നിർമാണലോബികൾക്ക് കൈമാറപ്പെടുമെന്നാണ് ആശങ്ക. കേരളം, നവി മുംബൈ, ഗോവ തുടങ്ങിയ പ്രദേശങ്ങൾക്ക് ജനസംഖ്യ കണക്കിലെടുത്ത് പ്രത്യേക കാറ്റഗറി അനുവദിച്ചിരുന്നു. ഇതേക്കുറിച്ച് ഇത്തവണ പരാമർശമില്ല. പ്രത്യേക പരിപാലന പദ്ധതിയുണ്ടാക്കി കേന്ദ്രത്തിന് സമർപ്പിച്ചാൽ ഇളവ് നൽകാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഏഴുവർഷം കഴിഞ്ഞിട്ടും കേരളം റിപ്പോർട്ട് നൽകിയില്ല. ദ്വീപുകളിലെ നിർമാണപരിധി 50ൽനിന്ന് 20 മീറ്ററാക്കി കുറച്ചെങ്കിലും ദ്വീപുകളെ കൃത്യമായി നിർവചിച്ചിട്ടില്ല. എറണാകുളത്തെ വൈപ്പിൻ മുഴുവൻ ദ്വീപാണ്. വൈപ്പിനും ഫോർട്ട്കൊച്ചിക്കുമിടയിൽ കിടക്കുന്ന ദ്വീപസമൂഹങ്ങളിലും പുതിയ നിർമാണങ്ങൾ ഉയരാൻ വിജ്ഞാപനം ഇടയാക്കും. ആലപ്പുഴ പെരുമ്പളം ദ്വീപിനടുത്ത് നെടിയതുരുത്തിൽ മുത്തൂറ്റ് ഗ്രൂപ്പിെൻറ കാപികോ കമ്പനി പണിത 54 കെട്ടിടം പൊളിച്ചുകളയാൻ 2013 ആഗസ്റ്റ് രണ്ടിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എറണാകുളം ചിലവന്നൂരിൽ ഡി.എൽ.എഫിെൻറ ഫ്ലാറ്റ് സമുച്ചയവും കേസിലാണ്. അനധികൃത നിർമാണങ്ങൾക്ക് പുതിയ വിജ്ഞാപനം വഴി നിയമസാധുത ലഭിക്കും. ഷംനാസ് കാലായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.