ആറാട്ടുപുഴ: അടങ്ങാത്ത കടൽ ആറാട്ടുപുഴയുടെ തീരത്ത് ഞായറാഴ്ചയും ദുരിതം വിതച്ചു. തീരദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ ഗതാഗതം താളംതെറ്റി. ചിലയിടങ്ങളിൽ റോഡ് തകർന്നു. മംഗലം, പത്തിശ്ശേരി, കാർത്തിക ജങ്ഷൻ, ബസ്സ്റ്റാൻഡ്, കള്ളിക്കാട് മീശമുക്ക്, നല്ലാണിക്കൽ, പെരുമ്പള്ളി എന്നീ പ്രദേശങ്ങളിലാണ് കടലാക്രമണം ദുരിതം വിതച്ചത്. റോഡിന് പടിഞ്ഞാറും കിഴക്കുമുള്ള നിരവധി വീടുകളിൽ വെള്ളം കയറി. കടൽതീരത്തോട് ചേർന്ന വീടുകളുടെ പകുതി ഭാഗം വരെ മണലിനടിയിലായി. രണ്ടാഴ്ച മുമ്പ് പുതുതായി നിർമിച്ച ബസ് സ്റ്റാൻഡ് മുതൽ കള്ളിക്കാട് എ.കെ.ജി നഗർ വരെയുള്ള റോഡ് പലയിടങ്ങളിലും തകർന്നു. റോഡ് മുഴുവൻ മെറ്റൽ ചിതറിക്കിടക്കുന്നതിനാൽ ഇതുവഴി ഗതാഗതം ദുരിതപൂർണമാണ്. തിരമാലകൾ പലപ്പോഴും റോഡിലാണ് പതിക്കുന്നത്. കടലാക്രമണം തുടർന്നാൽ റോഡ് പൂർണമായും തകരും. പലയിടങ്ങളിലും കടൽവെള്ളം തീരദേശ റോഡ് കവിഞ്ഞ് കിഴക്കോട്ട് ഒഴുകി. ഇതുമൂലം കിഴക്കൻ ഭാഗത്തുള്ള താമസക്കാരും ദുരിതത്തിലായി. റോഡ് പലസ്ഥലത്തും മണ്ണിൽ മൂടിയിരിക്കുകയാണ്. ശനിയാഴ്ച അർധരാത്രി മുതലാണ് കടൽ കൂടുതൽ പ്രക്ഷുബ്ദമാകാൻ തുടങ്ങിയത്. രാത്രി വൈകിയും ശമിച്ചിട്ടില്ല. കടലിനോട് ഏറെ അടുത്ത് കിടക്കുന്നവർ ബന്ധു വീടുകളിലേക്ക് താമസം മാറി. കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് കടലാക്രമണം ഏറെ അനുഭവപ്പെട്ടത്. നല്ലാണിക്കൽ ഭാഗത്ത് റോഡിനോട് ഏറെ അടുത്തുവരെ കടൽ എത്തിക്കഴിഞ്ഞു. കടലാക്രമണം തുടർന്നാൽ വരും ദിവസങ്ങളിൽ ഇവിടെ റോഡ് കടലെടുത്ത് പോകുമെന്ന ഭീതി നിലനിൽക്കുന്നു. തീരദേശ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം തുറവൂർ: ചേർത്തല താലൂക്കിെൻറ വടക്കൻ തീരദേശ പഞ്ചായത്തുകളിൽ ജനം ശുദ്ധജലത്തിനായി നെട്ടോട്ടത്തിൽ. തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, പട്ടണക്കാട് പഞ്ചായത്തുകളിലെ പടിഞ്ഞാറൻ വാർഡുകളിലെ ജനങ്ങളാണ് പ്രാഥമികാവശ്യത്തിനുപോലും വെള്ളമില്ലാതെ വലയുന്നത്. ഓരു പ്രദേശമായതിനാൽ മോട്ടോർ പോലും സ്ഥാപിച്ച് വെള്ളം ശേഖരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പലരും മോട്ടോർ സ്ഥാപിച്ച് വെള്ളം ശേഖരിക്കാൻ ശ്രമിച്ചെങ്കിലും ഉപ്പും ചെളിയും മാലിന്യവും കലർന്ന വെള്ളമാണ് ലഭിക്കുന്നത്. പട്ടണക്കാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡിലുള്ളവരും തുറവൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട്, 18 വാർഡുകളിലുള്ളവരും കുത്തിയതോട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, 16 വാർഡിലുള്ളവരുമാണ് വെള്ളമില്ലാതെ ഏറെ ദുരിതമനുഭവിക്കുന്നത്. പ്രാഥമികാവശ്യത്തിനുപോലും വെള്ളമില്ലാതെ കഷ്ടപ്പെടുകയാണിവർ. മൈലുകൾ താണ്ടി സ്വകാര്യവ്യക്തിയുടെ കിണറുകളിൽ നിന്നാണ് പ്രാഥമികാവശ്യത്തിനുള്ള വെള്ളം കൊണ്ടുവരുന്നത്. ജപ്പാൻ കുടിവെള്ളം ഇല്ലാതായിട്ട് ആറ് ദിവസമായി. നാലുദിവസം വെള്ളം ഉണ്ടാകില്ലെന്നാണ് ജല വകുപ്പ് അധികൃതർ അറിയിച്ചത്. ദിവസവും ജനങ്ങളുടെ അങ്കലാപ്പ് വർധിക്കുകയാണ്. കുടിവെള്ളത്തിന് സ്വകാര്യ കുടിവെള്ള വിതരണക്കാരെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. ഇതുവഴി പണവും സമയവും നഷ്ടമാകുന്നു. വെള്ളമില്ലാത്തതുമൂലം ജനങ്ങൾക്ക് കൃത്യമായി ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. ജപ്പാൻ വെള്ളം ലഭിക്കുന്നതുവരെ കുടിവെള്ളം എത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.