വായ്പ തട്ടിപ്പ്; ഒളിവിലാണെന്ന പ്രചാരണം തെറ്റെന്ന് ഫാ. തോമസ് പീലിയാനിക്കല്‍

കുട്ടനാട്: കുട്ടനാട്ടിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ ഒളിവിലാണെന്ന പ്രചാരണം തെറ്റാണെന്ന് കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കൽ മാധ്യമങ്ങൾക്ക് നൽകിയ വിഡിയോ സന്ദേശത്തിൽ പറഞ്ഞു‍. ശാരീരിക അസ്വസ്ഥതകളുള്ളതിനാലാണ് ചില ദിവസങ്ങളില്‍ ഓഫിസിൽ എത്താത്തത്. ഒളിവില്‍ പോകാനുള്ള തെറ്റുകള്‍ ചെയ്തതായി കരുതുന്നില്ല. വായ്പക്ക് ശിപാര്‍ശ ചെയ്യുക മാത്രമാണ് ഉണ്ടായത്. മുന്‍കൂര്‍ ജാമ്യം തേടിയത് ത​െൻറ സുരക്ഷക്കായാണ്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാൻ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കുട്ടനാട്ടിലെ നിരവധി ആളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വ്യാജരേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍നിന്ന് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസിലാണ് കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പ്രതിയായത്. സംഭവത്തില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എൻ.സി.പി നേതാവ് റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫിസ് ജീവനക്കാരി ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്. റോജോ ജോസഫും കേസെടുത്തത് മുതല്‍ ഒളിവിലാണ്. വികസന സമിതി ഓഫിസ് അടച്ച് പൂട്ടിയതോടെ പണം കിട്ടാനുള്ളവര്‍ എല്ലാദിവസവും ഓഫിസിലെത്തി മടങ്ങിപ്പോവുകയാണ്. വായ്പക്ക് ശിപാര്‍ശ ചെയ്ത് പണം തട്ടിയത് കൂടാതെ വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞും നിരവധി പേരില്‍നിന്ന് പണം വാങ്ങിയിട്ടുെണ്ടന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.