കലൂരിൽ കെട്ടിടം തകർന്നതോടെ​ കുടിവെള്ളം മുടങ്ങി; നടപടിക്ക്​ മന​ുഷ്യാവകാശ​ കമീഷ​ൻ ഉത്തരവ്​

കൊച്ചി: നിർമാണത്തിലിരുന്ന കെട്ടിടം തകർന്നതിനെത്തുടർന്ന് കലൂരിലും പരിസരപ്രദേശങ്ങളിലും രൂക്ഷകുടിവെള്ളക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു. കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കാൻ ജല അതോറിറ്റി മാനേജിങ് ഡയറക്ടർ നേരിട്ട് ഇടപെടണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. കുടിവെള്ളക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി നാട്ടുകാർ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഉപഭോക്താക്കളുടെ ഫോൺ കാളുകൾക്ക് മറുപടി പറയാൻപോലും ജല അതോറിറ്റി ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. കലൂരിലും പരിസരപ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കാൻ ജല അതോറിറ്റി എം.ഡി അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കമീഷൻ നിർദേശിച്ചു. കലക്ടറും ജില്ല െപാലീസ് മേധാവിയും നഗരസഭ സെക്രട്ടറിയും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കമീഷൻ നിർദേശിച്ചു. സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണം. കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കുമെന്നും കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ തകർന്ന റോഡി​െൻറ പുനർനിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് തുടങ്ങിയിട്ടുണ്ട്. ജോലി പൂർത്തിയാക്കി രണ്ടുദിവസത്തിനകം ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. എന്നാൽ, തകർന്ന ജലവിതരണ പൈപ്പുകൾ പൂർവസ്ഥിതിയിലാക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് വസ്ത്രശാലക്കുവേണ്ടി നിർമാണം നടന്ന കെട്ടിടം വ്യാഴാഴ്ച രാത്രിയാണ് തകർന്നത്. കെട്ടിടം തകർന്നതുമൂലം റോഡ് തകർന്നും മറ്റും ഉണ്ടായ നഷ്ടം കരാറുകാരിൽനിന്ന് ഇൗടാക്കാൻ നടപടി സ്വീകരിക്കുമെന്ന് കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.