ആലപ്പുഴയിൽ പച്ചക്കറി വിപ്ലവം: രണ്ടുവർഷത്തിൽ ഉൽപാദനം 1.20 ലക്ഷം മെട്രിക്​ ടൺ

ആലപ്പുഴ: പച്ചക്കറി വിപ്ലവത്തിന് മാതൃകയായി ആലപ്പുഴ. രണ്ട് സാമ്പത്തികവർഷത്തിനിടെ ജില്ലയിൽ ഉൽപാദിപ്പിക്കപ്പെട്ടത് 1,19,956 മെട്രിക് ടൺ പച്ചക്കറികളാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 7844 െഹക്ടർ സ്ഥലത്ത് നടന്ന കൃഷിയിലാണ് ഇത്രയും വലിയ നേട്ടം കൊയ്യാനായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഈ വർഷം 706 ഹെക്ടർ അധികം സ്ഥലത്ത് കൃഷിയിറക്കാനായി. 2016-17 കാലഘട്ടത്തിൽ 3569 ഹെക്ടർ സ്ഥലത്ത് 54,773 മെട്രിക് ടൺ പച്ചക്കറികളാണ് ജില്ലയിൽ ഉൽപാദിപ്പിച്ചതെങ്കിൽ ഈ സാമ്പത്തികവർഷം 4275 ഹെക്ടറിൽ 65,183 മെട്രിക് ടൺ പച്ചക്കറികളാണ് ഉൽപാദിപ്പിച്ചത്. 10,350 മെട്രിക് ടൺ അധികം പച്ചക്കറിയാണ് ഈ വർഷം മാത്രം കൂടുതൽ ഉൽപാദിപ്പിക്കപ്പെട്ടത്. പയർ, തക്കാളി, വെണ്ട, മുളക് തുടങ്ങിയ പച്ചക്കറികളാണ് അധികമായി ഉൽപാദിപ്പിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ചാരുംമൂട് മേഖലയിലാണ് ഇക്കൊല്ലം കൂടുതൽ പച്ചക്കറി കൃഷി നടന്നത്. സ്ഥിരമായി ഒന്നാംസ്ഥാനത്തെത്തുന്ന കഞ്ഞിക്കുഴി ഉൾപ്പെടുന്ന ചേർത്തല പ്രദേശത്തിനാണ് രണ്ടാംസ്ഥാനം. ജൈവപച്ചക്കറി പൊതുജനത്തിലേക്കെത്തിക്കാൻ മിക്കയിടത്തും കർഷകർ നേരിട്ട് നടത്തുന്ന ആഴ്്ചച്ചന്തകളും സജ്ജീകരിച്ചിട്ടുണ്ട്. ആഴ്ചച്ചന്തയിലൂടെ കുറഞ്ഞവിലയ്ക്ക് നല്ല സാധനം ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന് കച്ചവടക്കാരും പറയുന്നു. ഇടനിലക്കാരെ ഒഴിവാക്കിയുള്ള ആഴ്്ചച്ചന്തകളും കൂടിയിട്ടുണ്ട്. നൂറനാട്, തഴക്കര, മാവേലിക്കര തുടങ്ങിയ പ്രദേശങ്ങളിലും പച്ചക്കറി ഉൽപാദനം കൂടി. ജൈവപച്ചക്കറി ഉൽപാദനമേഖലയിലേക്ക് പാരമ്പര്യ കർഷകരോടൊപ്പം യുവാക്കളും എത്തുന്നത് ആശാവഹമാണെന്ന് ജില്ല കൃഷി െഡപ്യൂട്ടി ഡയറക്ടർ ഏലിയാമ്മ വി. ജോൺ പറഞ്ഞു. അടിവളം കൊടുത്ത് കൃഷി ചെയ്യുന്ന നൂതനരീതി ഉപയോഗപ്പെടുത്തിയാണ് ഒട്ടുമിക്ക പ്രദേശങ്ങളിലും കൃഷിയിറക്കിയിരിക്കുന്നത്. മൂന്ന് വിളവെടുപ്പ് കാലങ്ങളിലേക്ക് ഉപയോഗപ്പെടുത്തുന്ന ഈ രീതി വിജയം കണ്ടു. കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് വിവിധ പദ്ധതികളും ധനസഹായവും കൃഷി ഓഫിസുകളിൽ ഏർപ്പാടാക്കിയിട്ടുണ്ട്. സബ്സിഡി ഉൾപ്പെടെയുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.