ചരക്ക് സേവന നികുതി: അവ്യക്തത നീങ്ങുന്നി​െല്ലന്ന്​ ടാക്​സ്​ കൺസൾട്ടൻറുമാർ

ആലപ്പുഴ: ചരക്ക് സേവന നികുതി ആരംഭിച്ചിട്ട് 300 ദിവസം കഴിഞ്ഞിട്ടും അവ്യക്തതകൾ വ്യാപാരികൾക്കിടയിൽ നീങ്ങിയിട്ടില്ലെന്ന് കേരള ടാക്സ് കൺസൾട്ടൻറ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.എൻ പുരം ശിവകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമങ്ങളെയും ചട്ടങ്ങളെ കുറിച്ചും വ്യാപാരികൾ ഇന്നും അജ്ഞരാണ്. സർക്കാർ പുറത്തിറക്കിയ പല വിജ്ഞാപനങ്ങളും ജി.എസ്.ടിയെ മാറ്റിമറിച്ചിരിക്കുകയാണ്. 10 ശതമാനം ലാഭം ലഭിക്കുന്ന കരാറുകൾക്ക് 12, 18 ശതമാനം നികുതി നൽകേണ്ടിവരുന്നു. ഒന്നര ശതമാനം നികുതി നൽകിയിരുന്ന ചെറുകിട ഹോട്ടലുകാർ അഞ്ച് ശതമാനം നികുതി നൽകേണ്ടിവരുന്നു. ഇതെല്ലാംതന്നെ വ്യാപാര മേഖലയെ പിന്നോട്ടടിപ്പിച്ചു. ആദായ നികുതി റിട്ടേൺ നൽകേണ്ട തീയതിക്കുള്ളിൽപോലും ജി.എസ്.ടിയുടെ വാർഷിക റിട്ടേണുകൾ സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായില്ലെങ്കിൽ നിയമനടപടികളും സാമ്പത്തിക ബാധ്യതകളും കാരണം വ്യാപാര സമൂഹത്തിന് വൻ നഷ്ടമുണ്ടാകുകയാണ്. കയറ്റുമതിക്കാർക്ക് ഇൻപുട്ട് ഇനത്തിൽ ലഭിക്കേണ്ട തുക കുതിച്ചുകൊണ്ടിരിക്കുകയാണ്. ഫോറങ്ങളും നടപടിക്രമങ്ങളും ദിനംപ്രതി മാറുന്നത് നികുതി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടാക്സ് കൺസൾട്ടൻറുമാർ ഉൾെപ്പടെയുള്ളവരെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ എസ്. പദ്മകുമാർ, വി. വേലായുധൻ നായർ, ആർ. രാജേഷ് എന്നിവരും പങ്കെടുത്തു. ഭക്ഷ്യധാന്യ വിതരണം പരാജയത്തിലേക്ക് -ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോ. ആലപ്പുഴ: റേഷൻ കടകളിൽ ഭക്ഷ്യധാന്യ വിതരണത്തിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഈ പ്രതിസന്ധി മറികടക്കാൻ പൊതുവിതരണ കേന്ദ്രങ്ങൾ കേന്ദ്രസർക്കാർ ഏറ്റെടുക്കണം. കേന്ദ്രം നൽകുന്ന അരി വില കൂട്ടി വിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ഇപ്പോൾ നടത്തുന്നത് ചട്ടലംഘനമാണ്. സംസ്ഥാനത്തോട് കേന്ദ്രം ഇക്കാര്യത്തിൽ വിശദീകരണം തേടണം. റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചതോടെ 20 ശതമാനം കാർഡ് ഉടമകൾ അരി വാങ്ങുന്നില്ല. ഈ വിധത്തിൽ മിച്ചം വരുന്ന അരി മുൻഗണന വിഭാഗക്കാർക്ക് നൽകാതെ പൊതുവിഭാഗത്തിലെ റേഷൻ വിഹിതം നാല് കിലോയായി വർധിപ്പിച്ച് മേയ് ഒന്ന് മുതൽ 9.90 രൂപക്ക് വിൽക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പൗരന്മാരുടെ ക്ഷേമം; നിയമസഭ സമിതി തെളിവെടുപ്പ് 23ന് ആലപ്പുഴ: നിയമസഭയുടെ മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി 23ന് രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. ജില്ലയിലെ മുതിർന്ന പൗരന്മാർക്ക് ലഭ്യമാക്കേണ്ട വിവിധ സൗകര്യങ്ങളെക്കുറിച്ച് ചർച്ച നടത്തും. ജില്ലയിൽനിന്ന് ലഭിച്ച പരാതികളിൽ തെളിവെടുപ്പും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.