നെല്ല് സംഭരണം ഇന്ന് പുനരാരംഭിക്കും ^മന്ത്രി പി. തിലോത്തമൻ

നെല്ല് സംഭരണം ഇന്ന് പുനരാരംഭിക്കും -മന്ത്രി പി. തിലോത്തമൻ ആലപ്പുഴ: നെല്ല് പൂർണമായി സംഭരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ കൂടിയ അടിയന്തര യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പൂന്തുരം സൗത്ത്, പൊന്നാകിരി, വെട്ടിക്കരി, ഇളയിടംതുറ എന്നിവിടങ്ങളിലെ തടസ്സപ്പെട്ട നെല്ല് സംഭരണം വെള്ളിയാഴ്ച പുനരാരംഭിക്കാൻ മന്ത്രി നിർദേശം നൽകി. കരിനില മേഖലയിൽ ഉൽപാദിപ്പിച്ച നെല്ല് സംഭരിക്കുന്നതിന് മുൻഗണന നൽകും. ഇത്തവണ ഇതുവരെ നെല്ല് സംഭരണം കാര്യമായ പരാതികളില്ലാതെ നടന്നതായി മന്ത്രി പറഞ്ഞു. കൊയ്ത 80 ലോഡ് നെല്ലാണ് കൊണ്ടുപോകാതെ അവശേഷിക്കുന്നത്. 2000 ലോഡ് ഇനി കൊയ്യാനുണ്ട്. കൃഷിക്കാർക്ക് ഉണ്ടാകുന്ന നഷ്ടം നികത്താൻ കൃഷിവകുപ്പ് നടപടിയെടുക്കും. കൃഷി ഉദ്യോഗസ്ഥർ നേരത്തേതന്നെ പാടശേഖരങ്ങൾ സന്ദർശിച്ച് നഷ്ടപരിഹാരത്തിനായി കൃഷിവകുപ്പിനെ അറിയിക്കുകയും നടപടികളിലേക്ക് നീങ്ങുകയും വേണമെന്ന് മന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തി​െൻറ കാര്യത്തിൽ കൃഷിക്കാരും മില്ലുടമകളും സഹകരിച്ച് കൃഷി ഉദ്യോഗസ്ഥരും പാഡി ഓഫിസർമാരും പരസ്പരം ചേർന്ന് മുന്നോട്ടുപോകണം. നെല്ല് സംഭരണത്തിന് അലോട്ട് ചെയ്തിട്ട് അത് ചെയ്യാത്ത മില്ലുടമകളെ തുടർന്നുള്ള സംഭരണ പ്രക്രിയയിൽനിന്ന് പൂർണമായും ഒഴിവാക്കാൻ മന്ത്രി നിർദേശിച്ചു. ഇവർക്ക് മേലിൽ സംഭരിക്കാനുള്ള സൗകര്യം നൽകില്ല. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകൾക്ക് സപ്ലൈകോയുമായി കരാറുണ്ട്. ഈ കരാർ ലംഘിച്ചാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പാരേക്കാടൻ, എലുവന്താനം, പോട്ടകളക്കാട്, നാലുപാടം, കപ്പാംവേലി, മുക്കയിൽ വടക്ക് എന്നിവിടങ്ങളിലെ സംഭരണത്തിന് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ, പാഡി ഓഫിസർ, കൃഷിക്കാരുടെ പ്രതിനിധി, മില്ലുടമകളുടെ പ്രതിനിധി, പഞ്ചായത്ത് പ്രസിഡൻറ് തുടങ്ങിയവർ പാഡി സമിതി കൂടി പരസ്പര വിട്ടുവീഴ്ചയിലൂടെ പ്രശ്ന പരിഹാരം കാണാൻ മന്ത്രി നിർദേശിച്ചു. ഇക്കാര്യത്തിൽ ചുമതലയുള്ള സപ്ലൈകോയുടെയും കൃഷി വകുപ്പി​െൻറയും ഉദ്യോഗസ്ഥർ പരസ്പരം ചർച്ച ചെയ്ത് സമവായത്തിലെത്താൻ നിർദേശം നൽകി. യോഗത്തിൽ കലക്ടർ ടി.വി. അനുപമ, സപ്ലൈകോ പാഡി മാനേജർ രഘുനാഥ്, പാഡി ഓഫിസർമാരായ എ.ആർ. സുരേഷ്, എ.വി. സുരേഷ് കുമാർ, വിവിധ കർഷക സംഘടന പ്രതിനിധികൾ, സപ്ലൈകോ-കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സംഭരണത്തിന് അനുമതി 30 മില്ലുകൾക്ക് ആലപ്പുഴ: കേരളത്തിൽ ആകെ 30 മില്ലുകൾക്കാണ് നെല്ല് സംഭരണത്തിന് അനുമതി നൽകിയത്. ഇതിൽ പല മില്ലുകാരും സംഭരണത്തിന് കൃത്യമായി നടപടി എടുക്കുന്നില്ല. കോട്ടയം അയ്മനം ഭാഗത്ത് ഇൗ മാസം നാലിന് കൊയ്ത്ത് കഴിഞ്ഞ പാടത്ത് നെല്ല് എടുക്കാൻ മില്ലുടമകൾ വിസമ്മതിക്കുന്നതായി കർഷകർ മന്ത്രിയോട് പരാതിപ്പെട്ടു. തുടർന്ന് മില്ലുടമകളുമായി മന്ത്രി നേരിട്ട് സംസാരിക്കുകയും കർഷകർ അംഗീകരിക്കുന്ന വിധത്തിലുള്ള കിഴിവ് പരിഗണിച്ച് ഉടൻ നെല്ല് സംഭരിക്കാൻ മില്ലുടമകൾക്ക് നിർദേശം നൽകി. ഈ സാഹചര്യത്തിൽ ബാക്കി മില്ലുടമകൾക്ക് പാടം മാറ്റി നൽകാൻ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പാഡി ഓഫിസറോടൊപ്പം മുതിർന്ന കൃഷി ഓഫിസറും നെല്ല് സംഭരണ സ്ഥലത്ത് ചെല്ലണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ''കേന്ദ്ര സർക്കാറി​െൻറ മാനദണ്ഡപ്രകാരം എടുക്കുന്ന നെല്ലിന് 68 ശതമാനം അരി മില്ലുടമകൾ തിരികെ ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ നിയോഗിച്ച കമീഷൻ കണ്ടെത്തിയത് 64.5 ശതമാനം മാത്രമേ കേരളത്തിൽ ലഭിക്കുന്നുള്ളുവെന്നാണ്. പൊതു വിതരണത്തിന് ലഭിക്കുന്ന അരി ഗുണമേന്മയുള്ളതാകണമെന്ന നിർബന്ധം സംസ്ഥാന സർക്കാറിന് ഉണ്ട്.'' -മന്ത്രി പി. തിലോത്തമൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.