ഇന്ത്യയിൽ നടക്കുന്നത് സർക്കാർ പ്രായോജകരായ കലാപങ്ങൾ -കുഞ്ഞാലിക്കുട്ടി കൊച്ചി: ഇന്ത്യയിൽ നടക്കുന്നത് സർക്കാർ പ്രായോജകരായ കലാപങ്ങളെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി കൊലപാതകം നടത്തുന്ന ഇവർ കോടതിവിധിയെപ്പോലും സ്വാധീനിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണവും 'ഫാഷിസത്തിെൻറ ബദൽ രാഷ്ട്രീയം' സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനെതിരെ ബദൽ രാഷ്ട്രീയം ഉണ്ടാകേണ്ട കാലമാണിത്. പക്ഷേ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഇതിന് തടസ്സമാകുന്നു. അതു പരിഹരിച്ചു മുന്നോട്ടുപോയില്ലെങ്കിൽ രാജ്യത്തെ രാഷ്ട്രീയ സംവിധാനംപോലും നിലനിൽക്കുകയില്ല. ഭൂരിപക്ഷ വർഗീയതയുടെ വിളയാട്ടമായിരിക്കും പിന്നീടുണ്ടാകുക. പൊതുസമൂഹത്തെ മുന്നിൽകണ്ടുവേണം നമ്മുടെ വാക്കും പ്രവൃത്തിയും. സമൂഹ മാധ്യമങ്ങൾ നല്ലതാണ്. എന്നാൽ, വിദ്വേഷങ്ങൾ പ്രചരിപ്പിക്കുന്നത് ആശാവഹമല്ല. കഠ്വ സംഭവത്തേക്കാൾ ഭീകരമാണ് അതിനെ ന്യായീകരിച്ച് സമൂഹമാധ്യങ്ങളിൽ എത്തുന്നവരുടെ മാനസികാവസ്ഥയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഹമ്മദ്കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസ് എം.പി, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, സേവ സെക്രട്ടറി സോണിയ ജോര്‍ജ്, എം. റഹ്മത്തുള്ള, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അബ്ദുൽ മജീദ്, സെക്രട്ടറി അബ്ദുൽ ഗഫൂര്‍, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. ഹാരിസ്, ദേശീയ സെക്രട്ടറി രഘുനാഥ് പനവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.