സി.പി.എം കനിവ്: ഒാണത്തിനുമുമ്പ്​ 150 വീട്​ പൂർത്തിയാക്കൽ ലക്ഷ്യം

ആലുവ: സി.പി.എം ജില്ല സമ്മേളത്തോടനുബന്ധിച്ച് നിർധനർക്ക് വീട് നിർമിച്ചുനൽകുന്ന കനിവ് പദ്ധതി പ്രകാരം ആലുവ ഏരിയ കമ്മിറ്റി നിർമിച്ച വീടി‍​െൻറ താക്കോൽ സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് കൈമാറി. ഓണത്തിനുമുമ്പ് ജില്ലയിൽ 150 വീട് നിർമിച്ചുനൽകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയിൽ തദ്ദേശ സ്‌ഥാപനങ്ങളുടെയും സഹകരണ സ്‌ഥാപനങ്ങളുടെയും പങ്കാളിത്തം ഉണ്ടായാൽ അദ്ഭുതം സൃഷ്‌ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂർണിക്കര കുന്നത്തേരി മുണ്ടേത്ത് വീട്ടിൽ ഷീബക്കാണ് വിഷുദിനത്തിൽ താക്കോൽ കൈമാറിയത്. വിധവയും രണ്ടുമക്കളുടെ മാതാവുമായ ഷീബ ഇടിഞ്ഞുവീഴാറായ ഷെഡിലാണ് അന്തിയുറങ്ങിയിരുന്നത്. 500 ചതുരശ്ര അടിയുള്ള വീട് 114 ദിനം കൊണ്ട് പൂർത്തീകരിച്ചു. വിവാഹത്തിന് ആർഭാടം ഒഴിവാക്കിക്കൊണ്ട് ഭവന നിർമാണത്തിന് ഒരുലക്ഷം രൂപ കൈമാറിയ തോട്ടക്കാട്ടുകര ഷാരോൺ-ശ്രീജ ദമ്പതികൾ ഭവന നിർമാണത്തിന് കൈത്താങ്ങായിമാറുകയും ചെയ്തിരുന്നു. ഏരിയ സെക്രട്ടറി വി. സലീം അധ്യക്ഷത വഹിച്ചു. ചൂർണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ, എഫ്.ഐ.ടി ചെയർമാൻ ടി.കെ. മോഹനൻ, കേരള സംഗീതനാടക അക്കാദമി ചെയർമാൻ സേവ്യർ പുൽപ്പാട്ട്, വി.എം. ശശി, കെ.എ. അലിയാർ എന്നിവർ സംസരിച്ചു. ഭവന നിർമാണത്തിന് മേൽനേട്ടം വഹിച്ച ചൂർണിക്കര ലോക്കൽ കമ്മിറ്റി അംഗം എം.എം. ഷാജഹാനെ ചടങ്ങിൽ ആദരിച്ചു. സമ്മേളനത്തി​െൻറ ഭാഗമായി നിർമിക്കുന്ന 22 വീടിൽ 17ാമത്തെ ഭവനത്തി‍​െൻറ താക്കോൽ വിതരണമാണ് കുന്നത്തേരിയിൽ നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.