കായംകുളം: അധികാരത്തിെൻറ ഹുങ്കിൽ ഫാഷിസ്റ്റുകൾ ഒളിപ്പിക്കാൻ ശ്രമിച്ച സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ഗോപിനാഥൻപിള്ള മരണത്തിന് കീഴടങ്ങിയത്. തെൻറ സന്തോഷങ്ങളെല്ലാം 'ഫാഷിസം' കവർന്നെടുത്തുവെന്ന നൊമ്പരവും പേറിയാണ് താമരക്കുളം കൊട്ടക്കാട്ടുശ്ശേരി മണലാടി തെക്കതിൽ ഗോപിനാഥൻപിള്ള യാത്ര പറഞ്ഞത്. ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകൻ പ്രാണേഷ്കുമാർപിള്ള (ജാവേദ് ഗുലാംശൈഖ്) നിരപരാധിയാണെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിലായിരുന്നു ഹൃദ്രോഗ ബാധിതനായിരുന്ന വേളയിലും അദ്ദേഹം. ജാവേദ് 2004 ജൂൺ 14നാണ് ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കുടുംബസമേതം നാട്ടിൽവന്ന് മടങ്ങിയതിെൻറ തൊട്ടടുത്ത നാളിലാണ് ഗുജറാത്ത് പൊലീസ് ജാവേദിനെ തട്ടിക്കൊണ്ടുപോകുന്നത്. 2004 മേയ് 30നാണ് സ്വന്തം കാറിൽ ജാവേദും കുടുംബവും താമരക്കുളത്ത് എത്തിയത്. ജൂൺ അഞ്ചിന് മടങ്ങി. അഹ്മദാബാദിൽ ജാവേദ് അടക്കമുള്ളവർ മരിച്ചുകിടന്ന സ്ഥലത്ത് ഈ കാറും ഉണ്ടായിരുന്നു. എന്നാൽ, 'തീവ്രവാദിയുടെ പിതാവാകാൻ' കഴിയില്ലെന്ന ദൃഢനിശ്ചയവുമായി ഗോപിനാഥൻ പിള്ള രംഗത്തിറങ്ങുകയായിരുന്നു. തിക്താനുഭവങ്ങൾ ഒട്ടേറെ അനുഭവിക്കേണ്ടിവന്നുവെങ്കിലും ഒരിക്കൽ പോലും പിള്ള പതറിയിട്ടില്ല. പുണെയിൽ ജോലിയുണ്ടായിരുന്ന പിതാവിനൊപ്പം 1991ലാണ് പ്രാണേഷ്കുമാർ എത്തുന്നത്. ഇവിടെ െവച്ചാണ് ജാവേദ് ഗുലം മുഹമ്മദ് ശൈഖ് എന്ന പേരിൽ ഇസ്ലാം സ്വീകരിക്കുന്നതും അയൽവാസിയായിരുന്ന സാജിതയെ വിവാഹം കഴിക്കുന്നതും. ഇതോടെ അച്ഛനുമായി അകന്ന ജാവേദ് 97ലാണ് പിന്നെ നാടുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഭാര്യ സാജിത, മക്കളായ അബൂബക്കർ സിദ്ദീഖ്, സദഫ്, മൂസാ ഖലീലുല്ല എന്നിവരുമായി നിരവധി തവണ നാട്ടിലെത്തി. ഭാര്യക്കും മക്കൾക്കുമൊപ്പം സന്തോഷകരമായി കഴിഞ്ഞിരുന്ന ജാവേദിന് തെറ്റായ വഴി സ്വീകരിക്കാൻ കഴിയില്ലെന്ന ഉറച്ച അഭിപ്രായമാണ് തുടക്കം മുതൽ ഗോപിനാഥൻപിള്ള സ്വീകരിച്ചിരുന്നത്. ഇതിനാലാണ് 'തീവ്രവാദിയുടെ പിതാവാകാതിരിക്കാൻ' ഗോപിനാഥൻപിള്ള നിയമത്തിെൻറ വഴി തെരഞ്ഞെടുത്തത്. ജാവേദിെൻറ മക്കളെയും ഈ പേരിൽ ആരും മാറ്റിനിർത്തരുതെന്നും ആഗ്രഹിച്ചു. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമം ആവശ്യമുള്ള സമയത്താണ് അവശതകൾ വകവെക്കാതെ ഗോപിനാഥൻപിള്ള പോരാട്ടവഴിയിലൂടെ സഞ്ചരിച്ചത്. ജീവിതഘട്ടം പൂർത്തിയാക്കിയ തനിക്ക് അനുകൂല വിധി കേൾക്കാൻ ഭാഗ്യമുണ്ടാകില്ലെന്ന വിശ്വാസവും അവസാന നിമിഷം വരെ അദ്ദേഹം പുലർത്തിയിരുന്നു. വാഹിദ് കറ്റാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.