കൊച്ചി: മലയാളികളുടെ വിളവെടുപ്പ് ഉത്സവമായ വിഷു ഇത്തവണ കൈപൊള്ളാതെ ആഘോഷിക്കാം. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറി വരവിന് ക്ഷാമമില്ലാത്തതിനാൽ ഉത്സവ സീസണിലുണ്ടാകുന്ന പതിവ് വിലക്കയറ്റത്തിൽനിന്ന് മലയാളികൾ താൽക്കാലികമായെങ്കിലും രക്ഷപ്പെട്ടു. തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിന് പച്ചക്കറിയെത്തുന്നത്. കേരളത്തിലെ ഉത്സവ സീസൺ അനുസരിച്ചാണ് അവിടെ വിളവെടുപ്പ്. തമിഴ്നാട്ടിലെ ഒട്ടംഛത്രം, കമ്പം, തേനി, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിനാവശ്യമായ പച്ചക്കറികളെത്തുന്നത്. ചൂടും വരൾച്ചയും ഉൽപാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ ലഭിച്ച മികച്ച വിളവാണ് മലയാളികൾക്ക് രക്ഷയായത്. ഉത്സവസീസണിൽ ആവശ്യം വർധിക്കുന്നതിനനുസരിച്ച് വലിയ വിലക്കയറ്റം ഇത്തവണയുണ്ടാകില്ല. അതേസമയം, വിഷുവിന് കണിയൊരുക്കാനുള്ള നിറമേറിയ നാടൻ കണിവെള്ളരി കിട്ടണമെങ്കിൽ നല്ല വില കൊടുക്കേണ്ടിവരും. കിലോക്ക് 19 രൂപയുണ്ടായിരുന്ന കണിവെള്ളരിക്ക് 30 രൂപ വരെയാണ് ഇപ്പോൾ വില. ശനിയാഴ്ച വില പിന്നെയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. എന്നാൽ, നിറം കുറഞ്ഞ മൈസൂർ വെള്ളരി കിലോ 20 രൂപക്ക് ലഭ്യമാണ്. ഏത്തക്കായ, ഞാലിപ്പൂവൻ, അച്ചിങ്ങ എന്നിവക്ക് വിലകൂടിയിട്ടുണ്ടെങ്കിലും ഉത്സവകാലത്തെപ്പോലെ കാര്യമായ വർധനയില്ല. അച്ചിങ്ങ വിലയിലാണ് കൂടിയ വർധന. കിലോക്ക് 45ൽ നിന്ന് 65 രൂപയായാണ് വില ഉയർന്നത്. ഏത്തക്കായ 40, ഞാലിപ്പൂവൻ 33 എന്നിങ്ങനെയാണ് വില. ഉള്ളി (25), സവാള (20) എന്നിവയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. വെണ്ടക്ക 45, കാരറ്റ് 30, ബീറ്റ്‌റൂട്ട് 30, പച്ചമുളക് 20, കാബേജ് 20, തക്കാളി 20, മുരിങ്ങക്കോൽ 30, ചേന 35, മത്തങ്ങ 15, ഉരുളക്കിഴങ്ങ് 25, പച്ചമാങ്ങ 30, ക്വാളി ഫ്ലവർ 30, ഏത്തപ്പഴം 47 മാമ്പഴം 80, പൈനാപ്പിൾ 48 എന്നിങ്ങനെയാണ് വെള്ളിയാഴ്ചത്തെ വിലനിലവാരം. മാളുകളും സമാന്തര മാർക്കറ്റുകളും സജീവമായതിനാൽ പ്രധാന പച്ചക്കറി വിൽപന കേന്ദ്രങ്ങളിൽ തിരക്ക് കുറഞ്ഞിട്ടുണ്ട്. അതേസമയം, വേനൽമഴ യഥാസമയം ലഭിച്ചില്ലെങ്കിൽ അയൽ സംസ്ഥാനങ്ങളിലെ ഉയർന്ന മേഖലയിലെ കൃഷി അവതാളത്തിലാകും. അങ്ങനെ സംഭവിച്ചാൽ വരുംമാസങ്ങളിൽ പച്ചക്കറി വില വർധിച്ചേക്കുമെന്ന് എറണാകുളം മാർക്കറ്റ് ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ.കെ. അഷ്റഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.