ഹേമ കമീഷൻ റി​പ്പോർട്ട്​ വൈകുന്നു; പരാതിയുമായി സിനിമയിലെ സ്​ത്രീ കൂട്ടായ്​മ

കൊച്ചി: മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ലിംഗവിവേചനം പഠിക്കാൻ നിയോഗിച്ച ഹേമ കമീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനെതിരെ സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ലിയു.സി.സി) മുഖ്യമന്ത്രിക്ക് പരാതി നൽകി. റിപ്പോർട്ട് സമർപ്പിക്കുന്നതിലെ കാലതാമസം അന്വേഷിക്കണമെന്നും വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയതെന്ന് സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു. സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകൾ നേരിടുന്ന ലിംഗവിവേചനത്തെക്കുറിച്ച് 2017 മേയ് 17ന് ഡബ്ലിയു.സി.സി അംഗങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. കൂടിക്കാഴ്ചയെ തുടർന്ന് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമീഷനെ നിയോഗിച്ച് സർക്കാർ ഉത്തരവായി. സിനിമ മേഖലയിൽ ദേശീയതലത്തിൽ തന്നെ ആദ്യ കമീഷനാണിത്. പക്ഷേ, ഇനിയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല എന്നത് അങ്ങേയറ്റം വിഷമത്തോടെയും ഉത്കണ്ഠയോടെയുമാണ് കാണുന്നത്. ഇക്കാര്യത്തിൽ സർക്കാർ ഭാഗത്തുനിന്ന് ഉചിത ഇടപെടൽ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹാരം നിർദേശിക്കാനും കമീഷൻ റിപ്പോർട്ടിന് കഴിയുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.