ആലപ്പുഴ: മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ആലപ്പുഴ അഗ്നിരക്ഷ നിലയത്തിൽനിന്ന് ജീവനക്കാെര കൂട്ടത്തോടെ സ്ഥലംമാറ്റി. കോട്ടയം, എറണാകുളം ഡിവിഷനുകൾ മറികടന്ന് പാലക്കാട് ഡിവിഷനിൽപെട്ട തൃശൂർ ജില്ലയിലെ നാട്ടികയിലേക്കാണ് പത്തോളം ജീവനക്കാരെ മാറ്റിയത്. ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിലായി ആലപ്പുഴ നഗരസഭയും 17 പഞ്ചായത്തും ചേർന്നതാണ് ആലപ്പുഴ നിലയത്തിെൻറ പരിധി. വിനോദസഞ്ചാര മേഖലയായ ആലപ്പുഴയിൽ മറ്റു പല ജില്ല ആസ്ഥാനങ്ങളെയും പോലെ അടിയന്തര സാഹചര്യം നേരിടാൻ ഉപഗ്രഹ സ്റ്റേഷൻ സംവിധാനം നിലവിലില്ല. കൊടും ചൂടും തിരക്കുമേറിയ ടൂറിസം സീസണിൽ അഗ്നിരക്ഷ സേനക്ക് വിശ്രമമില്ലാത്ത ദിനങ്ങളാണ്. വി.െഎ.പികളും വി.വി.െഎ.പികളുമടക്കം പതിനായിരക്കണക്കിന് സഞ്ചാരികളാണ് സീസണിൽ മാത്രം ആലപ്പുഴ സന്ദർശിക്കുന്നത്. ഇവരുടെ അടക്കം സുരക്ഷ ഉറപ്പ് വരുത്തേണ്ട സേനയിൽ നടന്ന കൂട്ട സ്ഥലംമാറ്റം സ്ഥിതി കൂടുതൽ വഷളാക്കും. നൂറിലധികം ജലാശയ അപകടങ്ങളാണ് കഴിഞ്ഞ വർഷം വിനോദസഞ്ചാര മേഖലയിൽ സംഭവിച്ചത്. ആലപ്പുഴ ജില്ലയിലെ മുഴുവൻ ജലാശയ അപകടങ്ങളും കൈകാര്യം ചെയ്യുന്നത് ആലപ്പുഴ ഫയർ ആൻഡ് റസ്ക്യൂ യൂനിറ്റാണ്. ഹൗസ് ബോട്ടുകൾ കത്തിനശിക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. ഹൗസ് ബോട്ടിൽ വെള്ളം കയറിയും മുങ്ങിയുമുള്ള അപകടങ്ങൾ വേറെ. മഴക്കാലം വരുന്നതോടെ ആലപ്പുഴ ഫയർ സ്റ്റേഷന് വിശ്രമമില്ലാത്ത സമയമായിരിക്കും. സംസ്ഥാനത്തുതന്നെ വെള്ളപ്പൊക്കക്കെടുതി നിയന്ത്രിക്കാൻ പമ്പിങ് നടത്തുന്ന ഏക സ്റ്റേഷൻ ആലപ്പുഴയിലാണ്. മഴക്കാലത്ത് ഇരുനൂറിലധികം പമ്പിങ്ങാണ് അഗ്നിരക്ഷ സേന നടത്തിവരുന്നത്. സേനാബലം വലിയ തോതിൽ ആവശ്യമായി വരുന്ന സമയത്തുണ്ടായ സ്ഥലംമാറ്റം ഇരുട്ടടിയായിരിക്കുകയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ ഉൾപ്പെട്ട പാലക്കാട് ഡിവിഷനിൽനിന്ന് സന്നദ്ധരായ ജീവനക്കാരെ ഒഴിവാക്കിയാണ് ഈ സ്ഥലംമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.