കൊച്ചി: ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് വിഭാവനം ചെയ്ത 232 കോടിയുടെ കുടിവെള്ള പദ്ധതി ജില്ലക്ക് നഷ്ടമായി. പദ്ധതിയുടെ ഭാഗമായി കളമശ്ശേരിയിൽ സ്ഥാപിക്കാനുദ്ദേശിച്ച ശുചീകരണ പ്ലാൻറിന് സ്ഥലം ലഭ്യമാകാതിരുന്നതാണ് കാരണം. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ജലവിഭവ മന്ത്രിയായിരുന്ന പി.ജെ. ജോസഫ് പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ഇത്. പെരിയാറിൽനിന്ന് വെള്ളം ശേഖരിച്ച് കളമശ്ശേരിയിൽ സ്ഥാപിക്കുന്ന പ്ലാൻറിൽ ശുചീകരിച്ച് ജില്ലയുടെ വിവിധ മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതിക്ക് സർക്കാർ ഭരണാനുമതിയും നൽകി. 135 ദശലക്ഷം ലിറ്റർ വെള്ളം ഒരു ദിവസം ശുചീകരിക്കാൻ കഴിയുന്ന പ്ലാൻറാണ് കളമശ്ശേരിയിൽ നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. പിന്നീട്, നടത്തിയ പരിശോധനകൾ പ്രകാരം അത് 160 ദശലക്ഷം ലിറ്റർ എന്ന നിലയിലേക്ക് ഉയർത്താനും പദ്ധതിയിട്ടിരുന്നു. പ്ലാൻറ് സ്ഥാപിക്കാനുള്ള അഞ്ചേക്കർ സ്ഥലം ആദ്യം കണ്ടെത്തിയത് കളമശ്ശേരിയിലെ കിൻഫ്രയുടെ ഭൂമിയാണ്. എന്നാൽ, ഇത് കേസിൽപെട്ട ഭൂമി ആയതിനാൽ നൽകാൻ കഴിയില്ലെന്ന് കിൻഫ്ര അധികൃതർ അറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിൽ എച്ച്.എം.ടിയുടെ സ്ഥലം ജല അതോറിറ്റി കണ്ടെത്തി. ഇത് ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ കലക്ടറോട് അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ സ്ഥലവും സർക്കാറുമായുള്ള കേസിൽപ്പെട്ടതാണെന്ന് വ്യക്തമായി. എച്ച്.എം.ടിയുമായുള്ള കേസ് ഹൈകോടതിയിൽ തീർപ്പായിരുന്നു. എന്നാൽ കമ്പനി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. നടപടികൾ ഇങ്ങനെ നീണ്ടുപോകുകയും മറ്റൊരു സ്ഥലം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്തതോടെയാണ് പദ്ധതി വെള്ളത്തിലായത്. കലൂരിൽ ഒരു ജലസംഭരണി സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമായിരുന്നു. കളമശ്ശേരിയിലെ പ്ലാൻറിൽനിന്ന് കലൂരിലെ സംഭരണിയിൽ വെള്ളമെത്തിച്ച് നഗരത്തിെൻറ മുഴുവൻ മേഖലകളിലേക്കും വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. കൂടാതെ കണ്ടെയ്നർ ടെർമിനൽ റോഡ് വഴി ഒരു ലൈൻ കടന്നുപോകുകയും അവിടെയുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തുകയും ചെയ്യും. മറ്റൊരു ലൈൻ തൃപ്പൂണിത്തുറയിലേക്കും ലക്ഷ്യം വെച്ചിരുന്നു. കളമശ്ശേരി, ഏലൂർ എന്നീ സ്ഥലങ്ങളിലെയും കുടിവെള്ളക്ഷാമം ഇല്ലാതാക്കാൻ കഴിയുമായിരുന്ന പദ്ധതിയാണ് മുടങ്ങിയത്. അനുമതി പുനഃസ്ഥാപിക്കും -ജല അതോറിറ്റി കൊച്ചി: പദ്ധതി പുനരാരംഭിക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജല അതോറിറ്റി. ഇതിനായി സർക്കാറിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും എക്സിക്യൂട്ടിവ് എൻജിനീയർ എ. നൗഷാദ് 'മാധ്യമ'ത്തോട് പറഞ്ഞു. എച്ച്.എം.ടിയുമായുള്ള കേസിൽ സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ്. വിധി അനുകൂലമായാൽ ഈ ഭൂമിയിൽത്തന്നെ നിർമാണം തുടങ്ങാനാകും. പ്രതികൂലമായാൽ മറ്റ് ഭൂമി നോക്കേണ്ടിവരുകയും ചെയ്യും. പദ്ധതി നടപ്പാക്കുന്നതിനുവേണ്ട നടപടിക്രമങ്ങൾ ജല അതോറിറ്റി ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.