പെരുമ്പാവൂർ: സർക്കാർ ജോലിക്ക് മുഖാമുഖത്തിന് എത്തിയ അംഗപരിമിതനെ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. പെരുമ്പാവൂരിലെ വിവരാവകാശ പ്രവർത്തകനും പൊതുപ്രവർത്തകനുമായ പി.ആർ. ഷാജിയെയാണ് ജില്ല രജിസ്ട്രാർ ഓഫിസർ ജനറൽ ഇൻറർവ്യൂവിൽ പങ്കെടുപ്പിക്കാതെ ഇറക്കിവിട്ടത്. ഇതുസംബന്ധിച്ച് കലക്ടർക്ക് ഷാജി പരാതി നൽകി. അറിയിപ്പ് ലഭിക്കാതിരുന്നതിനെ തുടർന്ന് ബുധനാഴ്ച ഓഫിസിൽ അന്വേഷിച്ചപ്പോൾ വ്യാഴാഴ്ച മുഖാമുഖത്തിൽ പങ്കെടുക്കാൻ അനുവാദം നൽകുകയായിരുന്നു. ഷാജിക്ക് ഓഫിസിൽനിന്ന് അയച്ച ഇൻറർവ്യൂ കാർഡിൽ ഷാജു പി.ആർ., പറമ്പിക്കുടി, റയോൺപുരം പി.ഒ, കാഞ്ഞിരക്കാട് എന്ന വിലാസമായിരുന്നു. ഷാജു എന്ന പേരിൽ ആളില്ലെന്ന കാരണത്താൽ കാർഡ് മടങ്ങുകയായിരുന്നു. തുടർന്നാണ് ഓഫിസർ മുഖാമുഖം അനുവദിച്ചത്. എന്നാൽ, ഉദ്യോഗാർഥി വിവരാവകാശ പ്രവർത്തകനായ പി.ആർ. ഷാജിയാണെന്ന് തിരിച്ചറിഞ്ഞതിനാൽ ഉദ്യോഗസ്ഥൻ മുഖാമുഖത്തിന് അവസരം നിഷേധിച്ചെന്ന് പരാതിയിൽ പറയുന്നു. പാർട്ട് ടൈം സ്വീപ്പർ സ്ഥിരം നിയമന മുഖാമുഖമായിരുന്നു ഇത്. മുഖാമുഖം റദ്ദാക്കാനും ഇടക്കിവിട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടും ഷാജി മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, തൊഴിൽ മന്ത്രി, അംഗപരിമിത കമീഷൻ എന്നിവർക്ക് വെള്ളിയാഴ്ച പരാതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.