മൂവാറ്റുപുഴ : ശമ്പളം നൽകാതെ അടച്ചുപൂട്ടിയ മുനിസിപ്പൽ പേ വാർഡിലെ ജീവനക്കാർ വേതനത്തിനായി മനുഷ്യാവകാശ കമീഷനെ സമീപിക്കുന്നു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയോടനുബന്ധിച്ചുള്ള മുനിസിപ്പൽ പേ വാർഡിലെ ജീവനക്കാരാണ് ആറുമാസത്തെ ശമ്പളത്തിനായി മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുന്നത്. അറ്റകുറ്റപ്പണി നടത്താനെന്ന പേരിൽ പേ വാർഡ് അടച്ചുപൂട്ടിയിട്ട് രണ്ടുമാസം കഴിഞ്ഞു. എന്നാൽ, ഫണ്ട് ഉണ്ടായിട്ടും പണി നടന്നിട്ടില്ല. ജനറൽ ആശുപത്രിയിൽ കിടപ്പുരോഗികൾ മുറിക്കായി നെട്ടോട്ടമോടുമ്പോഴാണ് ഈ അവസ്ഥ. നഗരസഭക്ക് ലഭിക്കേണ്ട ആയിരക്കണക്കിന് രൂപയാണ് ഇതുവഴി നഷ്ടമാകുന്നത്. ഇതിനിടെ പേ വാർഡ് കോംപ്ലക്സുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിന് ജില്ല ലോക്കൽ ഫണ്ട് ഓഡിറ്റ് ജോയൻറ് ഡയറക്ടർ ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പേ വാർഡിലെ ജീവനക്കാർക്കുള്ള ആറുമാസത്തെ ശമ്പളം നൽകാതെ മുന്നറിയിപ്പില്ലാതെയാണ് അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് പൂട്ടിയത്. പേ വാർഡുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അനധികൃത സാമ്പത്തിക ക്രയവിക്രയം നടത്തിയെന്ന് നഗരസഭ അക്കൗണ്ട്സ് വിഭാഗം നേരേത്ത റിപ്പോർട്ട് ചെയ്തിരുന്നു. 2016-17 വർഷത്തെ പേ വാർഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ലോക്കൽ ഓഡിറ്റ് ഫണ്ട് ജോയൻറ് ഡയറക്ടറും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നഗരസഭ മറുപടി നൽകിയില്ല. ഇതേ തുടർന്നാണ് വകുപ്പുതല അന്വേഷണത്തിന് ശിപാർശ ചെയ്തത്. പേ വാർഡിെൻറ വരുമാനം ഇതിെൻറ ചുമതല ഏൽപിച്ചിരുന്ന താൽക്കാലിക ജീവനക്കാരൻ കൈവശംെവച്ച് ചെലവഴിച്ച് കണക്കുകൾ ഹാജരാക്കാതെ ജോലി ഉപേക്ഷിച്ചു പോവുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാൽ, ചില ഭരണകക്ഷി നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതിരിക്കാൻ ശക്തമായ സമ്മർദം ഉള്ളതാണ് നടപടി വൈകാൻ കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.