തെരുവുനായ്​ ആക്രമണം; കടിയേറ്റത് 166 പേർക്ക്

കൊച്ചി: തെരുവുനായ് ആക്രമണത്തിൽ ജില്ലയിൽ ഇതുവരെ 166 പേർക്ക് പരിക്കേറ്റു. മൃഗങ്ങളുടെ ജനന നിയന്ത്രണ പദ്ധതിയുടെ റിപ്പോർട്ട് പ്രകാരം ആഗസ്റ്റ് 19 വരെയുള്ള കണക്ക് പ്രകാരമാണിത്. കടിയേറ്റവരിൽ 51 സ്ത്രീകളും 24 കുട്ടികളും ഉൾപ്പെടുന്നു. ജില്ലയിലെ 81 പഞ്ചായത്തുകളിൽ വളർത്തു നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാണ്. സെൻസസ് പ്രകാരം ജില്ലയിൽ 13495 തെരുവുനായ്ക്കളാണുള്ളത്. 5011 വളർത്തു നായ്ക്കൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. 2015 മേയ് 28 നാണ് കൊച്ചി കോർപറേഷനിൽ വന്ധ്യംകരണ പദ്ധതി തുടങ്ങിയത്. ആദ്യഘട്ടത്തിൽ നാലു വീതം വെറ്ററിനറി ഡോക്ടർമാരെയും അനിമൽ ഹാൻഡ്ലേഴ്സിനെയും നിയമിച്ചു. ആദ്യവർഷം 87.67 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചു. നഗരത്തിൽ എട്ടുവർഷം കൊണ്ട് പദ്ധതി വിജയത്തിലെത്തിക്കുകയാണ് ലക്ഷ്യം. ആലുവ, മട്ടാഞ്ചേരി, നോർത്ത് പറവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ വെറ്ററിനറി പോളി ക്ലിനിക്കുകളിലൂടെയാണ് എ.ബി.സി പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റംബർ 11 മുതൽ 16 വരെ സംസ്ഥാനത്ത് 170 നായകളെ വന്ധ്യംകരണത്തിന് വിധേയമാക്കി. കൊച്ചി കോർപറേഷനിൽ 18 എണ്ണത്തിനാണ് ശസ്ത്രക്രിയ നടത്തിയത്. തിരുവനന്തപുരം- 113, കണ്ണൂർ- 22, ആറ്റിങ്ങൽ- 15, ചങ്ങനാശ്ശേരി- രണ്ട് എന്നിങ്ങനെയാണ് മറ്റ് നഗരസഭകളിലെ എണ്ണം. ജില്ലയിൽ 82ൽ 64 പഞ്ചായത്തുകളാണ് എ.ബി.സി പ്രോജക്ട് സമർപ്പിച്ചിട്ടുള്ളത്. 99.68 ലക്ഷം രൂപ വകയിരുത്തിയതിൽ 58,940 രൂപയാണ് ഇതുവരെ ചെലവഴിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.