കൊച്ചി: കേരളം കൗമാര ലോകകപ്പിന് തയാറെടുക്കുമ്പോൾ മലയാളികളുടെ ആദ്യ ജനകീയ പ്രഫഷനൽ ഫുട്ബാൾ ക്ലബായ എഫ്.സി കേരള പ്രവാസികളുടെ സഹായം തേടി യു.എ.ഇയിൽ. ജനകീയ അടിത്തറയുണ്ടാക്കി കേരളത്തിൽ ഫുട്ബാളിന് വളരാൻ സാഹചര്യമൊരുക്കുന്നതിെൻറ ഭാഗമായാണ് ക്ലബ് ഭാരവാഹികളുടെ വിദേശ സന്ദർശനം. ജനങ്ങൾക്ക് സ്വീകാര്യമായ രീതിയിൽ ടീമിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യൻ ഫുട്ബാളിലേക്ക് മലയാളിത്താരങ്ങളെ സംഭാവന ചെയ്യുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രമോട്ടർമാരെ ക്ഷണിച്ച് ക്ലബിെൻറ ജനകീയാടിത്തറ വിശാലമാക്കും. ഒാഹരി പങ്കാളിയാകുന്നവർക്ക് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ ദേശീയ കോച്ചും ക്ലബ് ടെക്നിക്കൽ ഡയറക്ടറുമായ നാരായണ മേനോൻ, കേരള ജൂനിയർ കോച്ച് ടി.ജി. പുരുഷോത്തമൻ, ടീം മാനേജറും കോച്ചുമായ കെ.എം. നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം. ഫുട്ബാൾ ശിൽപശാലകളും ഒാഹരി പങ്കാളികളാൻ താൽപര്യമുള്ളവർക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് എഫ്.സി കേരളയുടെ പിറവി. ഫുട്ബാളിനുള്ള സാഹചര്യവും സൗകര്യവുമൊരുക്കി രണ്ട് വർഷത്തിനുള്ളിൽ രണ്ടാം ഡിവിഷൻ ലീഗ്, നാല് വർഷത്തിനുള്ളിൽ ഐ ലീഗ്, അഞ്ച് വർഷത്തിനുള്ളിൽ ഐ.എസ്.എൽ എന്നീ ലക്ഷ്യങ്ങളോടെയാണ് ക്ലബിെൻറ പ്രവർത്തനം. കുട്ടികൾക്ക് പരിശീലനം നൽകാൻ റെസിഡൻഷ്യൽ അക്കാദമി ആരംഭിക്കലാണ് അടുത്ത ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.