കൊച്ചി: 36 സ്ഥാനാർഥികൾ. തെരഞ്ഞെടുക്കേണ്ടത് 11 പേരെ. 360ഓളം സമ്മതിദായകർ. വോട്ട് ചെയ്യേണ്ടയാളുടെ പേര് മനസ്സിലുറപ്പിച്ച് അവർ പോളിങ് ബൂത്തിലെത്തി. ഒരുമിച്ച് ചോക്ലറ്റ് നുണഞ്ഞിരുന്നവരിൽ ചിലർക്ക് എൻ.സി.സിയുടെ കാക്കിയണിഞ്ഞപ്പോൾ ക്രമസമാധാനപാലനത്തിെൻറ ഗൗരവം. തിരിച്ചറിയൽ കാർഡ് കാണിച്ച്, ഒപ്പിട്ട്, ചൂണ്ടുവിരലിൽ മഷി പതിപ്പിച്ച് ടാബ്ലറ്റിൽ തയാറാക്കിയ ബാലറ്റിൽ വിരലമർത്തി വോട്ട് ചെയ്തു. എറണാകുളം മോഡൽ എസ്.ആർ.വി ഗേൾസ് എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് വേറിട്ടതാക്കിയത്. കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച ടാബിൽ തയാറാക്കിയ ബാലറ്റ് പേപ്പറിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെന്നപോലെ വോട്ട് രേഖപ്പെടുത്തിയാണ് ഇവർ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുത്തത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായിരുന്നു വോട്ടിങ്. മയിലും തത്തയും പ്രാവും മുയലുമൊക്കെയായിരുന്നു ചിഹ്നങ്ങൾ. കമ്പ്യൂട്ടർ റൂമിൽ സജ്ജമാക്കിയ രണ്ട് പോളിങ് ബൂത്തുകളിലെത്തിയവർ ചൂണ്ടുവിരലിൽ മഷി പതിപ്പിച്ചശേഷം വോട്ട് രേഖപ്പെടുത്തി. പ്രിസൈഡിങ് ഓഫിസറും പോളിങ് ഉദ്യോഗസ്ഥരുമൊക്കെ വിദ്യാർഥികൾ തന്നെയായിരുന്നു. ഉച്ചക്കുശേഷം ചേർന്ന പ്രതിനിധി യോഗത്തിൽ പ്രധാനമന്ത്രി, സ്റ്റാൻഡിങ് കമ്മിറ്റി, സ്കൂൾ ലീഡർ, ക്ലാസ് ലീഡർ എന്നിവരെ തെരഞ്ഞെടുത്തു. ജനാധിപത്യത്തിൽ വോട്ടെടുപ്പിെൻറ പ്രാധാന്യവും അതിെൻറ പ്രക്രിയകളും കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചതെന്ന് പ്രധാനാധ്യാപകൻ എം. ഗോപിനാഥൻ പറഞ്ഞു. സ്കൂളുകളിൽ ഇന്ത്യയിൽതന്നെ ആദ്യമായിട്ടാകാം ഡിജിറ്റൽ വോട്ടിങ് പരീക്ഷിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. റെജിൽ ദാസിെൻറ നേതൃത്വത്തിലുള്ള സീക്രട്ട് ബാലറ്റ് കമ്പനിയാണ് ടാബ് അധിഷ്ഠിത തെരഞ്ഞെടുപ്പ് സംവിധാനം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.