എം.ജി: ശമ്പളത്തി​െൻറ വി​ശദാംശങ്ങൾ സ്വാ​ശ്രയ അധ്യാപകർക്ക്​ നൽകണമെന്ന്​ ഹൈകോടതി

കൊച്ചി: എം.ജി സർവകലാശാല നടത്തുന്ന സ്വാശ്രയകേന്ദ്രങ്ങളിലെ കരാര്‍ അധ്യാപകര്‍ക്ക് ശമ്പളവും കുടിശ്ശികയും നിർണയിച്ച രീതി സംബന്ധിച്ച വിശദാംശങ്ങൾ അവർക്ക് നൽകണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച വിവരങ്ങൾ ഒക്ടോബർ മൂന്നിനകം ഒാരോ അധ്യാപകനും നല്‍കണം. നിർണയിച്ച രീതിയിൽ അപാകതയുണ്ടെന്ന് പരാതിയുള്ളവരും വിയോജിപ്പുള്ളവരും ഒമ്പതിനകം മറുപടി സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹരജി വീണ്ടും ഒക്ടോബർ ഒമ്പതിന് പരിഗണിക്കാൻ മാറ്റി. സ്വാശ്രയകേന്ദ്രങ്ങളിലെ കരാര്‍ അധ്യാപകര്‍ക്ക് സ്ഥിര നിയമനം ലഭിച്ചവര്‍ക്ക് തുല്യമായ വേതനവും ആനുകൂല്യവും നല്‍കാനുള്ള ഹൈകോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ഒരുകൂട്ടം അധ്യാപകര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഹാജരായിരുന്ന വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, ഫിനാന്‍സ് ഓഫിസര്‍ എബ്രഹാം പുതുമന എന്നിവർ ബുധനാഴ്ചയും കോടതിയിലെത്തിയിരുന്നു. ഇവർ ഒമ്പതിനും എത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഉദ്യോഗസ്ഥരെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നിട്ടും കുടിശ്ശിക ശരിയായി ലഭിച്ചില്ലെന്ന് ഹരജിക്കാര്‍ അറിയിച്ചു. 64 അധ്യാപകർക്കാണ് കുടിശ്ശിക നൽകാനുള്ളത്. 1.9 കോടി രൂപ മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. അധ്യാപകരുടെ സേവന കാലാവധിയുമായി ബന്ധപ്പെട്ട ചില അവ്യക്തതകളാണ് ഇതിന് കാരണമെന്ന് സർവകലാശാല അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.