പ്ലം ജൂഡി റിസോർട്ടിന്​ എൻ.ഒ.സി ഇല്ലെന്ന്​​ സർക്കാർ ഹൈകോടതിയിൽ

കൊച്ചി: കൃഷിയാവശ്യത്തിന് പതിച്ചുനൽകിയ ഭൂമിയിലാണ് അപകടകരമായ സ്ഥിതിയിലുള്ള 'പ്ലം ജൂഡി റിസോർട്ട്' പ്രവർത്തിക്കുന്നതെന്ന് സർക്കാർ ഹൈകോടതിയിൽ. കൃഷിയാവശ്യത്തിന് പള്ളിവാസൽ വില്ലേജിൽ നൽകിയ സ്ഥലത്ത് നിർമിച്ച കെട്ടിടത്തിന് റവന്യൂ വകുപ്പ് എൻ.ഒ.സി നൽകിയിട്ടില്ല. എൻ.ഒ.സി ഇല്ലാതെ റിസോർട്ട് നിർമിച്ച നടപടി ഭൂമി പതിച്ചുനൽകൽ ചട്ടലംഘനമാണെന്നും ഡെപ്യൂട്ടി കലക്ടർ പി. ഡി. ഷീലാദേവി സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. പ്ലം ജൂഡി റിസോർട്ട് പരിസരത്ത് കനത്തമഴയിൽ പാറയിടിഞ്ഞ് വാഹനങ്ങൾ തകർന്നതിനെത്തുടർന്ന് റിസോർട്ട് പൂട്ടാൻ ജില്ല കലക്ടർ നൽകിയ നോട്ടീസ് ചോദ്യം ചെയ്തുള്ള ഉടമ ടി.എൻ. അശോക് കുമാറി​െൻറ ഹരജിയിലാണ് സർക്കാറി​െൻറ വിശദീകരണം. മൂന്നാർ മേഖലയിൽ റവന്യൂ വകുപ്പ് എൻ.ഒ.സിയില്ലാതെ നിർമാണം നടത്തരുതെന്ന് ഹൈകോടതി ഉത്തരവുകളുണ്ട്. ഭൗമശാസ്ത്ര പഠന കേന്ദ്രത്തി​െൻറ റിപ്പോർട്ടനുസരിച്ച് അപായസാധ്യതയുള്ള മേഖലയിലാണ് പ്ലം ജൂഡി റിസോർട്ട് സ്ഥിതിചെയ്യുന്നത്. പള്ളിവാസൽ, പുലിപ്പാറ മേഖലകളിൽ റോഡിന് മുകളിൽ ചെങ്കുത്തായ പാറകൾ ഏതുനിമിഷവും നിലം പതിക്കാവുന്ന നിലയിലാണ്. ആഗസ്റ്റ് അഞ്ചിന് ഇവിടെ കെ.എസ്.ഇ.ബിയുടെ ടണൽ റോഡിൽ പാറയിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വീണ്ടും ദുരന്തമുണ്ടാകാം. പൊതുമരാമത്ത് വകുപ്പ് ചില സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയതിനെത്തുടർന്ന് റിസോർട്ട് തുറക്കാൻ കലക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ, ഈ ക്രമീകരണങ്ങൾ ദുരന്തം തടയാൻ പര്യാപ്തമല്ല. അതിനാലാണ് റിസോർട്ട് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയതെന്ന് വിശദീകരണ പത്രികയിൽ പറയുന്നു. ഹരജി പരിഗണിച്ച കോടതി കേസ് 25ലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.