ചെങ്ങന്നൂർ: രണ്ട് ഉദ്ഘാടനം നടത്തിയിട്ടും ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഗാരേജ് കം ഓഫിസ് കോംപ്ലക്സ് നിർമാണം മന്ദഗതിയിൽത്തന്നെ. എം.സി റോഡിൽ കൊട്ടാരക്കരക്കും തിരുവല്ലക്കും മധ്യേ ആരംഭിച്ച ആദ്യ ഡിപ്പോയുടെ അവസ്ഥ പരിതാപകരമാണ്. സ്ഥലപരിമിതിതന്നെയാണ് വികസനത്തിന് പ്രധാന വിലങ്ങുതടി. 1968ലാണ് ബസ് സ്റ്റേഷനും അതിനോടനുബന്ധിച്ച് ഗാരേജും പ്രവർത്തനം ആരംഭിച്ചത്. കോർപറേഷന് ആകെയുള്ളത് ഒരേക്കർ 30 സെൻറ് സ്ഥലം മാത്രം. നിലവിലുള്ള കെട്ടിടം നിർമിച്ചിരിക്കുന്നതാകെട്ട അശാസ്ത്രീയമായ രീതിയിലാണ്. 2015ൽ പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ആദ്യം രണ്ടുകോടി അനുവദിച്ചു. നിർമാണപ്രവർത്തനം അന്നത്തെ വകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിന്നീട് എസ്റ്റിമേറ്റ് തുക രണ്ടരക്കോടിയായി വർധിപ്പിച്ചു. സി.പി.എമ്മിലെ കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ആയതോടെ കെട്ടിടനിർമാണത്തിെൻറ രൂപരേഖ മാറ്റണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമായി. അതോടെ പണികൾ നിർത്തിവെച്ചു. ഒടുവിൽ കോർപറേഷൻ ഉന്നതരുടെ യോഗം വിളിച്ചുകൂട്ടി. സ്ഥലപരിമിതിക്കുള്ളിൽനിന്ന് നിലവിലുള്ള രൂപരേഖയിൽ മാത്രമേ നിർമാണം സാധ്യമാകൂവെന്നും അല്ലാത്തപക്ഷം ഇപ്പോഴത്തെ ഫണ്ട് ലാപ്സായിപ്പോകുമെന്നുമുള്ള വിദഗ്ധാഭിപ്രായം അംഗീകരിക്കപ്പെടുകയായിരുന്നു. ഇടതുമുന്നണി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെക്കൊണ്ട് രണ്ടാമത്തെ നിർമാണോദ്ഘാടനവും നടത്തി. തിരുവനന്തപുരം ആസ്ഥാനമായുള്ള ക്രസൻറ് കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. മണ്ഡലകാലം നവംബർ 17നാണ് ആരംഭിക്കുന്നത്. അടുത്തമാസം 31നുമുമ്പ് താഴെ വാഹനങ്ങൾ ഗാരേജിൽ കയറ്റിയിടത്തക്ക വിധത്തിൽ താഴത്തെനിലയുടെ റൂഫിങ് വാർക്കണമെന്നുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്. ഒന്നാംനില പൂർണമായും ഓഫിസ് അടക്കമുള്ളവക്കാണ്. കെട്ടിട നിർമാണം കാരണം വർക്ക്ഷോപ്പ് ജീവനക്കാരടക്കം 60ഓളം പേർ ദുരിതമനുഭവിക്കുകയാണ്. ഗാരേജിെൻറ പകുതി ഭാഗം പൊളിച്ചുനീക്കിയാണ് സ്ഥലം കണ്ടെത്തിയത്. വിശ്രമിക്കാനുള്ള സൗകര്യം ഇപ്പോഴില്ല. പഴയ ബസിൽനിന്ന് ഇളക്കി മാറ്റിവെച്ച നാല് സീറ്റുകൾ മാത്രമാണ് ആകെയുള്ളത്. ഭക്ഷണം കഴിക്കാനും വേഷം മാറാനും സൗകര്യമില്ല. ബസിെൻറ പണികൾക്കായി പൂർണമായി ഗാരേജിൽ കയറ്റിയിടാൻ കഴിയുന്നില്ല. പകുതിയിലേറെ പുറത്തുകിടക്കുന്നതിനാൽ മഴയും വെയിലും സഹിച്ചുവേണം ജോലി ചെയ്യാൻ. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കോൺക്രീറ്റ് തറയിൽ വെള്ളവും ചളിയും കെട്ടിക്കിടക്കുന്നതിനാൽ ബസിെൻറ അടിഭാഗത്തുള്ള അറ്റകുറ്റപ്പണികൾ ചെയ്തുതീർക്കുക ദുഷ്കരമാണ്. രാത്രി വെളിച്ചമില്ലാത്തതും വലക്കുന്നു. കോഴഞ്ചേരി റോഡിലെ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ താൽക്കാലിക വർക്ക്ഷോപ്പും അതിനുവേണ്ട അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നുള്ള ഉറപ്പ് പാലിക്കപ്പെട്ടില്ല. ബസുകളുടെ പാർക്കിങ് മാത്രമാണ് അവിടെയുള്ളത്. സന്ധ്യയാകുന്നതോടെ ബസുകൾ എം.സി റോഡിൽക്കൂടി നിരത്തിയിടേണ്ട സ്ഥിതിയാണ്. സ്റ്റേഷനകത്ത് സർവിസുകൾ അവസാനിപ്പിച്ചവ പിടിച്ചിടുന്നതുമൂലം സ്റ്റാൻഡിനുള്ളിലേക്ക് ദീർഘദൂര ബസുകൾക്ക് കയറിയിറങ്ങിപ്പോകാൻ കഴിയില്ല. റോഡിൽ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഡീസൽ പമ്പ് ഗാരേജിനും പ്രവേശന കവാടത്തിനും ഇടയിലാണ്. പണികൾ നടക്കുന്നതിനാൽ ഒന്നിലധികം ബസുകൾ വരുന്നതുകാരണം വൈകുന്നേരങ്ങളിൽ നിര നീണ്ട് വെള്ളാവൂർപ്പടിവരെ എത്തും. ഈ സമയം ഒരു വാഹനത്തിന് മാത്രമേ റോഡിലൂടെ കടന്നുപോകാൻ സാധിക്കൂ. മാസത്തിലൊരിക്കൽ ചെയ്യേണ്ടിവരുന്ന ഓവർഹോളിങ് ജോലികൾ, സി.എഫ് ടെസ്റ്റ് എന്നിവക്ക് പന്തളത്തെ ആശ്രയിക്കുന്നതിനാൽ ഏറെ കാലതാമസമുണ്ടാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.