കൊച്ചി: പാർട്ടി കോൺഗ്രസിന് മുന്നോടിയായി സി.പി.എമ്മിെൻറ ബ്രാഞ്ച് സമ്മേളനങ്ങൾ അഞ്ചുദിവസം പിന്നിട്ടപ്പോൾ ജില്ലയിൽ രണ്ടിടത്ത് റദ്ദാക്കി. സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ഉണ്ടായ അഭിപ്രായഭിന്നതയും തർക്കവുമാണ് സമ്മേളനം പാതിവഴിയിൽ നിർത്തേണ്ട സാഹചര്യം സൃഷ്ടിച്ചത്. നിർത്തിവെച്ച സമ്മേളനങ്ങളിൽ ഒന്ന് പാർട്ടി ജില്ല സെക്രട്ടറി താമസിക്കുന്ന കളമശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലാണ്. സുന്ദരഗിരി ബ്രാഞ്ച് സമ്മേളനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കോലഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴിലെ തിരുവാണിയൂർ ബ്രാഞ്ച് സമ്മേളനവും പൂർത്തിയാക്കാനായില്ല. രണ്ടിടത്തും മേൽകമ്മിറ്റികളിൽ നിന്നെത്തിയ നേതാക്കൾ സമവായത്തിന് പരമാവധി ശ്രമിച്ചെങ്കിലും പ്രവർത്തകർ വിട്ടുവീഴ്ചക്ക് തയാറായില്ല. രണ്ടിടങ്ങളിൽ ഇടക്ക് നിർത്തേണ്ടി വന്നെങ്കിലും സമ്മേളനം പൊതുവെ സമാധാനപരമായാണ് മുന്നേറുന്നതെന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ. പ്രത്യയശാസ്ത്രപരമായ ചർച്ച എങ്ങും നടക്കുന്നില്ല. സർക്കാറിെൻറ പ്രവർത്തനങ്ങളെക്കുറിച്ചും അപൂർവമായേ വിമർശനം ഉയരുന്നുള്ളൂ. തകർന്ന റോഡുകൾ നന്നാക്കാത്ത പൊതുമരാമത്ത് വകുപ്പിെൻറ നിലപാടിനെതിരെ മിക്കയിടത്തും വിമർശനം ഉയർന്നു. കഴിഞ്ഞ സേമ്മളനങ്ങളിലേത് പോലെ ഇത്തവണയും പുരോഗമന കലാസാഹിത്യ സംഘം പ്രതിനിധികളെ കമ്മിറ്റികൾ ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ബുദ്ധിജീവികളായി ഭാവിച്ച് കറങ്ങിനടക്കുന്ന ഇവർക്കൊന്നും ജനങ്ങളുമായി ബന്ധമില്ലെന്നാണ് വിമർശനം. കഴിഞ്ഞ സമ്മേളനങ്ങളിലും സമാന നിലപാട് ഉണ്ടായപ്പോൾ മേൽകമ്മിറ്റികൾ ഇടപെട്ട് ഇവർക്ക് പ്രാതിനിധ്യം ഉറപ്പാക്കുകയായിരുന്നു. കമ്മിറ്റികൾ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ കേന്ദ്ര കമ്മിറ്റിയുടെ സർക്കുലറിൽ നിർദേശിക്കുന്നുണ്ടെങ്കിലും സമ്മേളനങ്ങളിൽ പൊതുവെ പുരുഷ മേധാവിത്വം തന്നെയാണ്. ലോക്കൽ സമ്മേളന പ്രതിനിധികളായി സ്ത്രീകളെ തീരുമാനിക്കാൻ നേതാക്കൾ വിമുഖത കാട്ടുന്നു. ബ്രാഞ്ച് സെക്രട്ടറി സ്ഥാനം എങ്ങും സ്ത്രീകൾക്ക് നൽകുന്നുമില്ല. 18 അംഗങ്ങളുണ്ടാകുേമ്പാൾ ആറുപേർ സ്ത്രീകളാകണമെന്നാണ് വ്യവസ്ഥ. ഇത് ഒരു സമ്മേളനത്തിൽപോലും പ്രാവർത്തികമായിട്ടില്ല. കമ്മിറ്റികളിൽ യുവാക്കളുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്നും കർശന നിർദേശമുണ്ട്. സമ്മേളനങ്ങളിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ മദ്യപിക്കുന്ന പാർട്ടി പ്രവർത്തകരുടെ വിശദാംശങ്ങളും വേണമെന്നുണ്ട്. എന്നാൽ, പേരുപറയാതെ മദ്യപാനികളുടെ എണ്ണം മാത്രമാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ചർച്ച നടക്കുേമ്പാൾ ഇവർ സ്വയം കുറ്റസമ്മതം നടത്തുകയും തിരുത്താനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്യുന്നുണ്ട്. ബ്രാഞ്ച് സേമ്മളനങ്ങൾ ഒരുമാസം കൊണ്ടാണ് പൂർത്തീകരിക്കേണ്ടത്. ജില്ലയിൽ സി.പി.എമ്മിന് 2757 ബ്രാഞ്ചാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.