കാക്കനാട്: സ്വകാര്യ ബസുകള്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിച്ച് യാത്രക്കാരെ വലക്കുന്നതില്‍ പ്രതിഷേധിച്ച് സി.പി.ഐ നടത്തിയ പ്രതിഷേധപ്രകടനം ബസുടമകളും തൊഴിലാളികളുമായി സംഘര്‍ഷത്തിനിടയാക്കി. സിറ്റി സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കിവിട്ടത് നേതാക്കളും പ്രവര്‍ത്തകരുമെത്തി തടയുകയായിരുന്നു. ഇതില്‍ പ്രകോപിതരായി സ്ഥലത്തെത്തിയ ഏതാനും ബസുടമകള്‍കൂടി തൊഴിലാളികളുടെ പക്ഷം ചേര്‍ന്നതോടെ പ്രശ്‌നം രൂക്ഷമായി. തുടർന്ന് ഉടമകൾ ബസ് സര്‍വിസ് നിര്‍ത്തിവെച്ചു. പൊലീസെത്തിയാണ് ഇരുവിഭാഗത്തെയും ശാന്തരാക്കിയത്. ഉച്ചക്കുശേഷം കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം അവസാനിപ്പിച്ച് ബസ് സര്‍വിസ് പുനരാരംഭിച്ചത്. നഗരത്തിലേക്കുള്ള ബസുകളുടെ സര്‍വിസ് അരമണിക്കൂറോളം മുടങ്ങി. സിറ്റി സര്‍വിസ് നടത്തുന്ന ബസുകള്‍ക്ക് ജില്ല പഞ്ചായത്തിനു മുന്നില്‍വരെ യാത്രക്കാരെ എത്തിക്കാനാണ് പെര്‍മിറ്റ് നല്‍കിയിരിക്കുന്നതെന്നും ഇത് പാലിക്കാന്‍ ബാധ്യതയുണ്ടെന്നും സി.പി.ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരേസമയം മൂന്ന് ബസുകള്‍ക്ക് ജില്ല പഞ്ചായത്തിനു മുന്നില്‍ പാര്‍ക്ക്ചെയ്യാന്‍ മുന്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഉടമകളുടെ ന്യായീകരണം. വ്യാഴാഴ്ച മുതല്‍ ജില്ല ആസ്ഥാനംവരെ യാത്രക്കാരെ എത്തിച്ചില്ലെങ്കില്‍ ബസുകള്‍ തടയുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ജില്ല കലക്ടർ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തായിരുന്നതിനാല്‍ പ്രശ്നപരിഹാരത്തിനായി ചര്‍ച്ച നടന്നില്ല. നഗരസഭ കൗണ്‍സിലര്‍മാരായ ആൻറണി പരവര, ജിജോ ചിങ്ങംതറ, പി.വി.സന്തോഷ്, സി.പി.ഐ നേതാക്കളായ എ.പി. ഷാജി, പി.എ. നവാസ്, കെ.കെ. സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.