കാക്കനാട്: വാഹന നികുതി നല്‍കാതെ നിര്‍മാണമേഖലയില്‍ കോണ്‍ക്രീറ്റ് മിക്സര്‍ വാഹനങ്ങള്‍ വ്യാപകം. വന്‍കിട നിര്‍മാണ കമ്പനികളാണ് നികുതി വെട്ടിപ്പ് നടത്തുന്നത്. വിവിധ സ്ഥലങ്ങളിലെ കോണ്‍ക്രീറ്റ് മിക്സിങ് യാര്‍ഡുകളിലാണ് വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. രാത്രിയും അവധി ദിവസങ്ങളിലുമാണ് പുറത്തേക്ക് വരുന്നത്. ഇത്തരം വാഹനങ്ങൾ പരിശോധന നടത്തി പിടികൂടുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. കളമശ്ശേരിയിലും കാക്കനാട്ടും കഴിഞ്ഞദിവസം മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയ അഞ്ച് കോണ്‍ക്രീറ്റ് മിക്സര്‍ വാഹനങ്ങള്‍ പിടികൂടിയിരുന്നു. നികുതി കുടിശ്ശികയിനത്തില്‍ അഞ്ച് വാഹനങ്ങള്‍ 4.70 ലക്ഷം രൂപ അടക്കേണ്ടതുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. പിടിച്ചെടുത്ത വാഹനങ്ങള്‍ 2016 വരെ മാത്രമാണ് നികുതി അടച്ചിട്ടുള്ളത്. കളമശ്ശേരിയില്‍നിന്ന് രണ്ടും കാക്കനാട് ഭാഗത്തുനിന്ന് മൂന്ന് വാഹനവുമാണ് പിടിച്ചെടുത്തത്. പിടികൂടിയ വാഹനങ്ങളില്‍ ചിലത് മോട്ടോര്‍ വാഹനവകുപ്പിെൻറ ബാധ്യത ക്ലിയറന്‍സ് എടുത്തതായും കണ്ടെത്തി. ഇതോടെ രജിസ്റ്ററിൽനിന്ന് ഈ വാഹനങ്ങളെ സംബന്ധിക്കുന്ന രേഖകള്‍ ഇല്ലാതാകും. ടാക്സ് അടക്കാതെ തട്ടിപ്പ് നടത്താനുള്ള സൗകര്യത്തിനാണ് ബാധ്യത ക്ലിയറന്‍സ് എടുക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. ബാധ്യത സര്‍ട്ടിഫിക്കറ്റ് എടുക്കുന്ന വാഹനങ്ങള്‍ പൊളിച്ചുവിറ്റാലും അറിയില്ല. പിടിച്ചെടുത്ത വാഹനങ്ങളുടെ നികുതി കുടിശ്ശികയും 5000 മുതല്‍ 10,000 വരെ പിഴയും ഈടാക്കിയശേഷം മാത്രമെ വിട്ടുനല്‍കൂവെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.