വനം--റവന്യൂ അതിര്‍ത്തി തര്‍ക്കം: കലക്ടറുടെ റിപ്പോർട്ട് തേടി മൂവാറ്റുപുഴ: കുട്ടമ്പുഴ, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ വനം--റവന്യൂ വകുപ്പുകള്‍ തമ്മിെല അതിര്‍ത്തി തര്‍ക്കം പരിഹരിക്കാൻ വകുപ്പുമന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം നടന്നു. ഇതുസംബന്ധിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം കലക്ടറെ ചുമതലപ്പെടുത്തി. വനം--റവന്യൂ വകുപ്പുകള്‍ തമ്മിെല അതിര്‍ത്തി തര്‍ക്കം മൂലം വര്‍ഷങ്ങളായി പട്ടയവും കൈവശാവകാശ രേഖയും ലഭിക്കാതെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇരുപഞ്ചായത്തുകളിലും ദുരിതമനുഭവിക്കുന്നത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ വില്ലേജില്‍ 397-കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത്. മൂലമറ്റം പവര്‍ ഹൗസ് നിര്‍മാണവുമായി ബന്ധപ്പെട്ട് 1970-ല്‍ കുടിയൊഴുപ്പിച്ച 397-കുടുംബങ്ങള്‍ക്ക് കടവൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി നല്‍കുകയായിരുന്നു. 386-കുടുംബങ്ങള്‍ക്ക് 25- സെൻറ് സ്ഥലവും 11-കുടുംബങ്ങള്‍ക്ക് 50-സെൻറ് സ്ഥലവുമാണ് അനുവദിച്ചത്. എന്നാല്‍, സ്ഥലം നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പട്ടയം ലഭിച്ചിട്ടില്ല. കുട്ടമ്പുഴ പഞ്ചായത്തില്‍ 1977-ന് മുമ്പ് താമസം ആരംഭിച്ച 3000-കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത്. ഇതില്‍ വാരിയത്ത് കാട്ടാനശല്യത്തെത്തുടര്‍ന്ന് പാന്തപ്ര കോളനിയിലേക്ക് മാറ്റി താമസിപ്പിച്ച 66-ആദിവാസി കുടുംബങ്ങളും പെടും. യോഗത്തില്‍, 1977ന് മുമ്പ് വനഭൂമിയില്‍ താമസം ആരംഭിച്ചവര്‍ക്ക് പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി കെ. രാജു വ്യക്തമാക്കി. വനഭൂമി കെട്ടിത്തിരിച്ചതിന് പുറത്താണ് ഇവര്‍ താമസിക്കുന്നതെന്നും ഇടുക്കി ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ഇവര്‍ക്ക് ഇടുക്കി മാതൃകയില്‍ പട്ടയം നല്‍കണമെന്ന് എം.എല്‍.എമാര്‍ മന്ത്രിയോടാവശ്യപ്പെട്ടു. വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയമോ കൈവശരേഖകളോ ഇല്ലാത്തതിനാല്‍ സര്‍ക്കാറില്‍നിന്നുള്ള വീട് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കാനോ മക്കളുടെ വിദ്യാഭ്യാസ, വിവാഹക്കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനോ കഴിയാത്ത അവസ്ഥയിലാണ്. ഇവരുടെ പട്ടയപ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനം മന്ത്രി കെ. രാജു, എല്‍ദോ എബ്രഹാം എം.എല്‍.എ, ആൻറണി ജോണ്‍ എം.എല്‍.എ, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുരേഷ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ ഗോപി, റവന്യൂ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യന്‍, എറണാകുളം കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല, വിവിധ കക്ഷിനേതാക്കളായ ഇ.കെ. ശിവന്‍, ഷാജി മുഹമ്മദ്, ജോളി ജോസഫ്, എം.കെ. രാമചന്ദ്രന്‍, കെ.കെ. ശിവന്‍, കോതമംഗലം തഹസില്‍ദാര്‍ രേണുക, കോതമംഗലം, മലയാറ്റൂര്‍ ഡി.എഫ്.ഒമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.