കാക്കനാട്: അംഗപരിമിതര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലക്കുന്ന ബസുടമകളുടെ ധാർഷ്ട്യം അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൃക്കാക്കര നഗരസഭ കൗണ്‍സില്‍. ഗതാഗത പരിഷ്‌കാരത്തില്‍ അപാകതയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതുവരെ പഴയതുപോലെ ജില്ല പഞ്ചായത്തിന് മുന്നില്‍ വരെ സർവിസ് എത്തിക്കണമെന്ന് കൗണ്‍സില്‍ യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നഗരസഭയുമായി ആലോചിക്കാതെയാണ് സിറ്റി ട്രാഫിക് പൊലീസ് കാക്കനാട് ജങ്ഷനില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രശ്‌നപരിഹാരത്തിന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയ പൊലീസ് മുന്‍കൈയെടുക്കണം. സിറ്റി സര്‍വിസ് നടത്തുന്ന സ്വകാര്യബസുകളാണ് മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. സ്റ്റാന്‍ഡില്‍നിന്ന് ഒരു കിലോമീറ്ററോളം നടന്നാണ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് ജില്ല ആസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലും യാത്രക്കാര്‍ എത്തുന്നത്. ഇവർ നടന്ന് വലയുകയാണ്. ഇതില്‍ സ്ത്രീകളും കുട്ടികളും അംഗപരിമിതരുമുണ്ട്. നാലുദിവസമായി ബസുടമകള്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിച്ചിട്ടും പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ഇടപെടാത്തതില്‍ കൗണ്‍സില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. യാത്രാപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‌സൻ കെ.കെ. നീനു അറിയിച്ചു. ലൈഫ് പദ്ധതി: അപേക്ഷ പരിശോധന സുതാര്യമാകണം മട്ടാഞ്ചേരി: ഭവനരഹിതർക്ക് ആശ്വാസമെന്ന നിലയിൽ സർക്കാർ പ്രഖ്യാപിച്ച ലൈഫ് പദ്ധതി ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി ആക്ഷേപം. ഉദ്യോഗസ്ഥർ അപേക്ഷകരുടെ വീടുകളിലെത്തി അപേക്ഷ സംബന്ധിച്ച വിവരങ്ങൾ തിരക്കി റിപ്പോർട്ട് ചെയ്യണമെന്നിരിക്കെ കൗൺസിലർമാരുടെ ഒാഫിസുകളിലും വീടുകളിലും ഉദ്യോഗസ്ഥരെത്തി കൗൺസിലറുടെ നിർദേശം അനുസരിച്ച് റിപ്പോർട്ട് തയാറാക്കുകയാണെന്നാണ് ആക്ഷേപം. സുതാര്യമായി യഥാർഥ ഉപഭോക്താവിന് ഗുണം ലഭിക്കേണ്ടവിധം റിപ്പോർട്ട് ചെയ്യേണ്ടതിന് പകരം കൗൺസിലർമാരുടെ ഇംഗിതത്തിനനുസൃതമായി റിപ്പോർട്ട് തയാറാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.