കൊച്ചി: 'അംഗീകാരമില്ലാത്തെ കോളജായതിനാൽ സർട്ടിഫിക്കറ്റ് തിരികെ തരണമെന്ന് പറഞ്ഞപ്പോൾ ഞങ്ങളെ കള്ളക്കേസിൽ കുടുക്കി. ബാങ്കിൽനിന്ന് ലോണെടുത്ത് നൽകിയ പണവും നഷ്്ടമായി. ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണ്. ഞങ്ങളെ രക്ഷിക്കാൻ മുഖ്യമന്ത്രിക്കേ കഴിയൂ...' പറഞ്ഞു മുഴുമിക്കാനാവാതെ വാർത്ത സമ്മേളനത്തിൽ നീതു ട്രീസ വിതുമ്പി. ചേർത്തല എഴുപുന്നയിലെ ചാരിറ്റബിൾ ട്രസ്റ്റ് വഴി കർണാടകയിൽ നഴ്സിങ് പഠനത്തിനു ചേർന്ന 120 കുട്ടികളിൽ ഒരാളാണ് നീതു. രണ്ടു ലക്ഷം രൂപ സ്കോളർഷിപ്പോടെയാണ് പ്രവേശനം കിട്ടിയത്. എല്ലാ വിധ സൗകര്യവും മെച്ചപ്പെട്ട വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കോഴ്സ് തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കാണെന്ന് തെളിഞ്ഞു. തുടർന്ന് സർട്ടിഫിക്കറ്റും പണവും ആവശ്യപ്പെട്ടെങ്കിലും കുട്ടികളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു. 2016-17 വർഷം പ്ലസ്ടു പാസായ വിദ്യാർഥികളാണ് എഴുപുന്നയിലെ സൗപർണിക എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വഴി കർണാടകയിലെ റവ. നൂറുന്നിസ കോളജിൽ പ്രവേശനം നേടിയത്. നിർമാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ഓഡിറ്റോറിയത്തിലായിരുന്നു പഠനം. പ്രിൻസിപ്പൽ ആരാണെന്ന് അറിയാത്ത അവസ്ഥ. സുരക്ഷിതമല്ലാത്ത താമസവും മോശം ഭക്ഷണവും ആയതോടെ രക്ഷിതാക്കൾ ഇടപെട്ടു. ഇതോടെ വിദ്യാർഥികൾക്കെതിരെ ശിക്ഷ നടപടികൾ തുടങ്ങി. കോളജിെൻറ അംഗീകാരത്തെ കുറിച്ചും സംശയം വന്നതോടെ രക്ഷിതാക്കൾ കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവന്നു. ട്രസ്്റ്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സർട്ടിഫിക്കറ്റും പണവും തിരികെ നൽകാമെന്ന് ഉറപ്പു നൽകി. ഇനിയും 60 കുട്ടികളുടെ സർട്ടിഫിക്കറ്റ് നൽകാനുണ്ട്. ഇവരിൽ ഒൻപതു പെൺകുട്ടികൾക്കെതിരെ ചേർത്തല കോടതിയിൽ കേസും നൽകി. ട്രസ്റ്റ് ഓഫിസിൽ അതിക്രമിച്ചു കയറി നാശം വരുത്തിയെന്നു കാട്ടിയാണ് കേസ്. സംഭവം വിശദീകരിച്ച് ഡിവൈ.എസ്.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയെടുത്തില്ല. കേസ് ശരിയായ രീതിയിൽ അന്വേഷിച്ച എഴുപുന്ന എസ്.ഐയെ അന്വേഷണ സംഘത്തിൽനിന്ന് മാറ്റുകയും ചെയ്തു. ബാങ്കിൽനിന്ന് ലോണെടുത്താണ് ആദ്യവർഷത്തെ ഫീസ് വിദ്യാർഥികൾ നൽകിയത്. കൂലിപ്പണിക്കാരുടെ മക്കളാണ് കൂടുതലും. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തുടർ പഠനം നടത്താനാവാത്ത അവസ്ഥയിലാണ്. തങ്ങളുടെ വിഷമം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് നീതുവിെൻറ ആവശ്യം. സർട്ടിഫിക്കറ്റും പണവും തിരികെ നൽകാമെന്ന് ഉറപ്പു നൽകിയ ട്രസ്്റ്റ് പ്രതിനിധികൾ വാക്കുപാലിക്കുന്നില്ലെന്ന് വാർത്ത സമ്മേളനത്തിനെത്തിയ മറ്റൊരു വിദ്യാർഥിയുടെ പിതാവ് പി.എൻ. ജയൻ പറഞ്ഞു. 75,000 മുതൽ ഒരു ലക്ഷം രൂപ വരെ ഫീസ് നൽകിയവർക്കാണ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.