മൂവാറ്റുപുഴ: കനത്ത മഴയെത്തുടർന്ന് നഗരം വെള്ളപ്പൊക്ക ഭീഷണിയിൽ. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ പല കുടുംബങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറിത്തുടങ്ങി. എം.സി റോഡിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതം താറുമാറാക്കി. ശനിയാഴ്ച പുലർച്ച മുതൽ കനത്ത മഴയാണ്. ഞായറാഴ്ച ഉച്ചയോടെ മലങ്കര ഡാം തുറന്നതാണ് മൂവാറ്റുപുഴയാറ്റിൽ വെള്ളം ഉയരാൻ കാരണമായത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ ഇലാഹിയ കോളനി, കൊച്ചങ്ങാടി, എട്ടങ്ങാടി, കാളച്ചന്ത,സ്റ്റേഡിയം പരിസരം, കടവുംപാട് തുടങ്ങിയ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വീടുകളിൽ വെള്ളം കയറിയതോടെ കടവുംപാട്, ഇലാഹിയ കോളനി എന്നിവിടങ്ങളിൽനിന്ന് ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിഞ്ഞുതുടങ്ങി. മഴ ശക്തമായി തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. എം.സി റോഡിലെ തൃക്കളത്തൂർ, പള്ളി ചിറങ്ങര, എസ് വളവ്, പേഴക്കാപിള്ളി, അരമനപ്പടി തുടങ്ങിയ ഭാഗങ്ങളിൽ റോഡിൽ വെള്ളക്കെട്ടുയർന്നതോടെ ഗതാഗതം സ്തംഭിച്ചു. ശക്തമായ മഴയിൽ റോഡിൽ രണ്ടടിയിലേറെ വെള്ളം ഉയർന്നു. തൃക്കളത്തൂർ പാടശേഖരത്തിൽ കൊയ്തുെവച്ച കറ്റ വെള്ളത്തിലായി. മുളവൂർ തോട് കരകവിഞ്ഞതോടെ സമീപത്തെ ഏക്കറുകണക്കിന് സ്ഥലത്തെ കൃഷികളും വെള്ളത്തിലായിട്ടുണ്ട്. പായിപ്ര പഞ്ചായത്തിലടക്കം നിരവധി സ്ഥലങ്ങളിൽ തോടുകളും ജലാശയങ്ങളും കരകവിഞ്ഞതോടെ വ്യാപക കൃഷിനാശവും സംഭവിച്ചു. മുളവൂർ തോട് കര കവിഞ്ഞ് ഒഴുകിയതോടെ തോടിെൻറ ഇരുകരയിലെയും വീടുകളിൽ വെള്ളം കയറി. ഏക്കറുകണക്കിന് കൃഷി വെള്ളത്തിലായി. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ മൂവാറ്റുപുഴയിൽ റവന്യൂ വകുപ്പ് 24- മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. Caption: മുളവൂർ തോട് കരകവിഞ്ഞ് ഒഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.