മട്ടാഞ്ചേരി: കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഷെഡ്യൂളുകൾ വെട്ടിക്കുകയും ട്രിപ്പുകൾ ഒഴിവാക്കുകയും ചെയ്യുന്നത് പശ്ചിമകൊച്ചിയിൽ യാത്രാദുരിതം സൃഷ്ടിക്കുന്നു. ഉച്ചക്കും രാത്രിയും സർവിസുകൾ തേവരയിലും സൗത്തിലുമായി അവസാനിപ്പിച്ചാണ് യാത്രാ ദുരിതം വിതക്കുന്നത്. ഭരണകക്ഷിയുടെ മൂന്ന് എം.എൽ.എമാരുള്ള ജനവാസ മേഖലയിലാണ് തകർന്ന റോഡുകളും ഗതാഗതസ്തംഭനവും വരുമാന കുറവും സമയക്രമവും ചൂണ്ടിക്കാട്ടിയാണ് സർക്കാർ, -സ്വകാര്യ ബസ് സർവിസുകൾ ഒഴിവാക്കുന്നത്. എന്നാൽ തങ്ങളുടെ ഇഷ്ടപ്രകാരമാണ് സർവിസുകൾ എന്ന നിലയിലാണിവർ പ്രവർത്തിക്കുന്നത്. ആർ.ടി.ഒ അധികൃതർ നടപടിക്ക് തുനിഞ്ഞാൽ ഇവർ സമര ഭീഷണിയുയർത്തി പ്രതിരോധിക്കുകയും ചെയ്യുന്നതായി ജനകീയ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ്, ഇടക്കൊച്ചി മേഖലയിലുമായി 400ഓളം ബസുകളാണ് സർവിസ് നടത്തുന്നത്. എന്നാൽ രാത്രി എട്ടിനു ശേഷം പശ്ചിമ കൊച്ചിയിലെത്തണമെങ്കിൽ മറ്റു വാഹനസൗകര്യത്തെ ആശ്രയിക്കേണ്ട നിലയാണെന്ന് സ്ത്രീകളടക്കമുള്ള യാത്രക്കാർ പറയുന്നു. കെ.എസ്.ആർ.ടി.സി ഏറെ കൊട്ടിഗ്ഘോഷിച്ച് തുടങ്ങിയ തിരു-കൊച്ചി സർവിസുകളും സമയക്രമം പാലിക്കുന്നില്ല. പശ്ചിമകൊച്ചിയിലേയ്ക്ക് സർവിസ് നടത്തുന്ന ഷെഡ്യൂളുകളിൽ ചിലത് പുനഃക്രമീകരിച്ച് തേവരവരെയാക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. നേരം ഇരുട്ടിയാൽ തിരു-കൊച്ചി തീര കൊച്ചിയെ ഒഴിവാക്കുന്ന സ്ഥിതിയാണിന്നുള്ളതെന്ന് സ്വകാര്യമായി അധികൃതരും പറയുന്നു. ബസുകളില്ലാത്തതും ജീവനക്കാരുടെ കുറവും സർവിസുകളെ വലക്കുന്നതായി ഇവർ പറയുന്നു. കെ.എസ്.ആർ.ടി.സിയുടെ ദീർഘ ദൂരബസുകളിൽ മുപ്പത് ശതമാനത്തിൽ താഴെ മാത്രമാണ് തോപ്പുംപടി വഴി സർവിസ് നടത്തുന്നതെന്നാന്ന് ചുണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.