ഹിന്ദുദൈവങ്ങളെ ആർ.എസ്.എസ് രാഷ്ട്രീയവത്കരിച്ചു -കോടിയേരി ചേര്‍ത്തല: ഹിന്ദുദൈവങ്ങളെ ആർ.എസ്.എസ് രാഷ്ട്രീയവത്കരിച്ച് അതിെൻറ മറവിൽ ആക്രമണങ്ങൾക്ക് പ്രേരണ നൽകാൻ ഉപയോഗിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണനെയും മറ്റു ദൈവങ്ങളെയും ആരാധിക്കുന്നവര്‍ ക്ഷേത്രങ്ങളിലാണ് പോകുന്നത്. എന്നാല്‍, ക്ഷേത്രങ്ങളിലെ ദൈവങ്ങളെ പുറത്തുകൊണ്ടുവന്ന് ആർ.എസ്.എസ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നു. മതനിരപേക്ഷത തകര്‍ക്കാനും വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും അതുവഴി കലാപമുണ്ടാക്കാനുമാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഇതിനെതിരെ സി.പി.എം ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനാല്‍ കേരളത്തില്‍ ആര്‍.എസ്.എസിെൻറ ലക്ഷ്യം നടപ്പാക്കാനാകുന്നില്ല. കേരളത്തില്‍ ഭരണം പിടിക്കാൻ 104 സമുദായ സംഘടനകളുമായി ചേര്‍ന്ന് ബി.ജെ.പി മുന്നണിയുണ്ടാക്കി. അവര്‍ക്കൊക്കെ ഏറെ വാഗ്ദാനവും നല്‍കി. പക്ഷേ, ഒന്നും ചെയ്തില്ല. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടെ മകന് സഹമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു. വെള്ളാപ്പള്ളിക്ക് കരിമ്പൂച്ചകളെ മാത്രം കിട്ടി. അച്ഛന് ഇവരുടെ തട്ടിപ്പ് മനസ്സിലായി. എന്നാല്‍, ഇതുവരെ മകന് മനസ്സിലായിട്ടില്ലെന്നും കോടിയേരി പറഞ്ഞു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ആര്‍. നാസര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം സംസ്ഥാന സമിതി അംഗം സി.ബി. ചന്ദ്രബാബു, ജി. വേണുഗോപാല്‍, കെ. പ്രസാദ്, എ.എം. ആരിഫ് എം.എല്‍.എ, വി.ജി. മോഹനന്‍, എന്‍.ആര്‍. ബാബുരാജ്, എ.എസ്. സാബു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.