തുറവൂർ: ലോറിയിൽനിന്ന് വിരണ്ടോടി ചതുപ്പിൽ വീഴുന്നതിനിടെ ആന നടത്തിയ ആക്രമണത്തിൽ നാശനഷ്ടമുണ്ടായവരുടെ കുടുംബങ്ങൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഞ്ഞിവെച്ച് സമരം നടത്തി. വീടുകളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട തുറവൂർ വളമംഗലം അനന്തൻകരിയിൽ രമണൻ, എട്ടുേകാൽത്തറ വത്സല എന്നിവരുടെയും തകർന്ന ഓട്ടോയുടെ ഉടമ അനന്തൻകരിയിൽ രാധാകൃഷ്ണെൻറയും കുടുംബങ്ങളാണ് പുളിത്തറ പാലത്തിെൻറ കയറ്റത്തിൽ സമരം നടത്തിയത്. രമണെൻറയും വത്സലയുടെയും വീടുകൾ പൂർണമായി തകർന്നിരുന്നു. ആനയെ കൊണ്ടുപോകുന്നതിന് മുേമ്പ അടിയന്തര ധനസഹായവും താമസിക്കാൻ വീടും കണ്ടെത്തി നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ആനയെ കൊണ്ടുപോയിക്കഴിഞ്ഞാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ നടത്തിയ പ്രഖ്യാപനങ്ങൾ വെള്ളത്തിലെ വരയാകുമെന്ന് സമരക്കാർ പറഞ്ഞു. സമരത്തെത്തുടർന്ന് സ്ഥലത്തെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമീഷണർ എസ്. രഘുനാഥൻ നായർ, തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് അനിത സോമെൻറ അധ്യക്ഷതയിൽ യോഗം വിളിച്ചുകൂട്ടി. പുളിത്തറ കടവിന് സമീപം ചേർന്ന അടിയന്തര യോഗത്തിൽ സമരക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ അടിയന്തര സഹായമായി 30,000 രൂപ യോഗസ്ഥലത്തുതന്നെ നാശനഷ്ടമുണ്ടായവർക്ക് നൽകി. അനന്തൻകരിയിൽ രമണന് 12,500 രൂപയും എട്ടുകോൽത്തറ വത്സലക്ക് 10,000 രൂപയും അനന്തൻകരിയിൽ രാധാകൃഷ്ണന് 7500 രൂപ എന്നിങ്ങനെയാണ് സഹായധനം നൽകിത്. ധനസഹായം പഞ്ചായത്ത് പ്രസിഡൻറ് വിതരണം ചെയ്തു. ചർച്ചയിൽ ചേർത്തല തഹസിൽദാർ മുഹമ്മദ് ഷറീഫ്, തുറവൂർ വില്ലേജ് ഓഫിസർ ഹാരിസ്, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം എൻ.എസ്. രമേശ്മണി, സുരേഷ്കുമാർ, അനീഷ്, സണ്ണി മണലേൽ, സി.ഒ. ജോർജ് എന്നിവർ പങ്കെടുത്തു. ബാലകൃഷ്ണൻ മടങ്ങി; അനന്തൻകരിക്ക് ആശ്വാസം തുറവൂർ: അനന്തൻകരിയിൽനിന്ന് ആനയെ കൊണ്ടുപോയതോടെ പ്രദേശവാസികൾക്ക് ആശ്വാസം. ചൊവ്വാഴ്ച പുലർച്ചയോടെയാണ് ദേശീയപാതയിൽ ആലക്കാപറമ്പിൽ ലോറിയുടെ കൂട് തകർത്ത് മുല്ലക്കൽ ബാലകൃഷ്ണൻ എന്ന ആന മൂന്ന് കി.മീറ്ററോളം സഞ്ചരിച്ച് വീടുകളും വൃക്ഷങ്ങളും മതിലും ഓട്ടോയും നശിപ്പിച്ച് അനന്തൻകരിയിലെത്തിയത്. ചതുപ്പിൽ വീണ ആനയെ കാണാൻ ദൂരദേശികർ വാഹനത്തിലും സമീപപ്രദേശത്തുള്ളവർ കാൽനടയായുംമറ്റും ്എത്തിയെങ്കിലും അനന്തൻകരിയിലെ 14 വീട്ടുകാരുടെ സമാധാനം നഷ്ടപ്പെടുകയായിരുന്നു. നാശം വിതച്ച ആന നിൽക്കുമ്പോൾ നാട്ടുകാരുടെ ഉറക്കംപോലും നഷ്ടപ്പെട്ടു. അനന്തൻകരിയിലെ ഭൂരിപക്ഷ കുടുംബങ്ങളും ബന്ധുക്കളുടെ വീടുകളിൽ അഭയം തേടി. വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട രമണനും കുടുംബവും പുളിത്തറ കടവിന് സമീപത്തെ കടത്തിണ്ണയിൽ രാത്രി കഴിച്ചുകൂട്ടി. ഭക്ഷണം നാട്ടുകാർ നൽകി. വീടുകൾ നഷ്ടപ്പെട്ട രമണനും വത്സലക്കും ധനസഹായം നൽകി. എങ്കിലും ആനയെ അവിടെനിന്ന് മാറ്റണമെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. എന്നാൽ, എങ്ങോട്ട് മറ്റുമെന്നത് വലിയ കീറാമുട്ടിയായി. അനന്തൻകരിയെന്ന തുരുത്തിൽനിന്ന് ആനയെ മാറ്റുേമ്പാൾ എന്തെങ്കിലും പ്രശ്നമുണ്ടാകുമോയെന്ന ഭീതി പാപ്പാന്മാർക്കും ഉണ്ടായി. അവസാനം വനംവകുപ്പിലെ ഡോക്ടർമാർ ആനയെ പരിശോധിച്ചു. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ സി.എസ്. ജയകുമാർ, റേഞ്ച് ഓഫിസർമാരായ നാസറുദ്ദീൻ കുഞ്ഞ്, ഷാനവാസ്, സിനി ജോസഫ് എന്നിവരാണ് സ്ഥലത്തെത്തിയത്. ഡോ. ജയകുമാറും ആനക്ക് പാപ്പാന്മാരെക്കൊണ്ട് പഴവും പേരക്കയും നൽകി. ഇൗ സാഹചര്യത്തിലാണ് ആനയെ അനന്തൻകരിയിൽനിന്ന് മാറ്റാൻ തീരുമാനിച്ചത്. അനന്തൻകരിയിൽനിന്ന് തുറവൂർ ഭാഗത്തേക്ക് പോകുന്നതിനിടെ തോടിന് കുറുകെയുള്ള പൊക്കംകൂടിയ ഇടുങ്ങിയ പാലത്തിലൂടെ ആന അനുസരണയോടെ പോയത് എല്ലാവർക്കും ആശ്വാസമായി. പിന്നീട് കുറച്ചുദിവസം ആനയെ തുറവൂർ ക്ഷേത്രത്തിൽ നിർത്താൻ ആലോചിച്ചു. എന്നാൽ, ഉടൻ ആനയെ ആലപ്പുഴയിലെ മുല്ലക്കൽ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. അതിന് ലോറിയും കൊണ്ടുവന്നു. എന്നാൽ, ചതുപ്പിൽ വീണ് കാലുകൾക്കുണ്ടായ നീരുമൂലം ആനക്ക് ലോറിയിൽ കയറാൻ കഴിഞ്ഞില്ല. അതിനാൽ നീര് മാറുന്നതുവരെ ആനയെ തുറവൂരിൽ നിർത്താനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.